കോളനിയിലേക്ക് തിരിഞ്ഞു നോക്കാതെ അധികൃതർ
text_fieldsമേപ്പാടി: ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ വരുന്നയിലെ ഒമ്പത് ചോലനായ്ക്ക കുടുംബങ്ങളെ ട്രൈബൽ, ആരോഗ്യ വകുപ്പധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാക്ഷേപം. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ നാല് മാസത്തിലേറെയായി കോളനി ഇരുട്ടിലാണ്. ആറു വർഷത്തോളമായി സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയിട്ട്.
ബില്ലടക്കാത്ത കാരണത്താലാണ് കെ.എസ്.ഇ.ബി.അധികൃതർ ഇപ്പോൾ കണക്ഷൻ വിച്ഛേദിച്ചത്. രോഗങ്ങൾ കൊണ്ട് വലയുന്നവരും കോളനിയിലുണ്ട്. 90 കാരനായ കോളനി മൂപ്പൻ ബാലൻ മാസങ്ങളായി വാർധക്യ സഹജമായ രോഗങ്ങളാൽ കിടപ്പിലാണ്. ചികിത്സയും പരിചരണവുമൊന്നും ഇയാൾക്ക് ലഭിക്കുന്നില്ല. മാവോവാദി ഭീഷണി, പ്രകൃതി ദുരന്ത സാധ്യത എല്ലാം നില നിൽക്കുന്ന കോളനിയിലെ പ്രത്യേക പരിരക്ഷ അർഹിക്കുന്ന പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണീ അവഗണന.
പ്രകൃതി ദുരന്ത ഭീഷണിയുള്ളതിനാൽ ശക്തമായ മഴയുള്ളപ്പോൾ ഇവിടത്തെ കുടുംബങ്ങളെ ചൂരൽമല ഭാഗത്തെ സുരക്ഷിത ഇടങ്ങളിലേക്ക് മുമ്പ് മാറ്റിത്താമസിപ്പിച്ചിരുന്നു. കിഴുക്കാം തൂക്കായ കുന്നും പാറക്കെട്ടുകളും താണ്ടി വേണം കോളനിയിലെത്തിച്ചേരാൻ. അതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്തിട്ടാണ് അധികൃതർ ഇവിടേക്ക് പോകാതിരിക്കുന്നത്. കാട്ടാനകളുടെ സാന്നിധ്യവും പ്രദേശത്തുണ്ട്. വന വിഭവങ്ങൾ ശേഖരിച്ചും മറ്റുമാണ് ഇവിടത്തെ കുടുംബങ്ങളുടെ ജീവിതം. രോഗങ്ങൾ ബാധിച്ചിട്ടുള്ളവർക്ക് ചികിത്സ ലഭ്യമാക്കുക, വൈദ്യുതി ബില്ലടയ്ക്കാനുള്ള സംവിധാനമേർപ്പെടുത്തുക എന്നിവയൊക്കെ ചെയ്യാൻ കഴിയുന്നത് ട്രൈബൽ, ആരോഗ്യ വകുപ്പുകൾക്കാണ്. വകുപ്പധികാരികളുടെയും ജില്ലാ കലക്ടറുടെയും മുൻപിലൊക്കെ വിഷയം രേഖാമൂലം അവതരിപ്പിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് വാർഡ് അംഗം എൻ.കെ. സുകുമാരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.