കാറ്റത്തൊടിഞ്ഞ് വാഴകൃഷി
text_fieldsമേപ്പാടി: ശനിയാഴ്ച വൈകീട്ടോടെ തകർത്തു പെയ്ത വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് മേപ്പാടിയിൽ കർഷകരെ ചതിച്ചു. ഏത്തവാഴ കൃഷിക്കാണ് ഏറെയും നാശമുണ്ടായത്. കാപ്പംകൊല്ലി അബ്രല്ല വളവിലെ അയിരൂക്കാരൻ ജോൺസന്റെ 3000ൽപ്പരം നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ഒന്നര മാസം കഴിഞ്ഞാൽ വിളവെടുക്കാമായിരുന്ന കുലച്ച വാഴകളാണ് കൂട്ടത്തോടെ നശിച്ചത്. അരലക്ഷത്തോളം രൂപ പാട്ടം നൽകിയെടുത്ത നാലേക്കർ സ്ഥലത്ത് കൃഷി ചെയ്ത 4600 വാഴകളിൽ 3000 വാഴകളും മൂപ്പെത്താതെ ഒടിഞ്ഞുവീണു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഒരു വാഴക്ക് 200 രൂപ മുടക്ക് വരും. കുല വിൽക്കാൻ കഴിഞ്ഞാൽ 400 രൂപയോളം ശരാശരി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ആ നിലക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് ജോൺസൺ കൃഷിയിറക്കിയത്. കൃഷി നശിച്ചതോടെ ഏറെ നിരാശയിലാണ് ഈ കർഷകൻ. 3600 വാഴകൾ കൃഷിഭവൻ മുഖേന ഇൻഷൂർ ചെയ്തിട്ടുണ്ട് എന്നതാണ് പ്രതീക്ഷ. ഒരു വാഴക്ക് 300 രൂപ വീതം നഷ്ട പരിഹാരം ലഭിക്കുമെന്നാണ് വാഗ്ദാനം. അത് ലഭിക്കാനുള്ള ഇടപെടൽ അധികൃതരൂടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ആവശ്യം.
ചെമ്പോത്തറയിൽ കൃഷിനാശം
മേപ്പാടി: വേനൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മേപ്പാടി ചെമ്പോത്തറയിലും കൃഷിനാശം. ചെമ്പോത്തറ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ 700 ഓളം വാഴകളാണ് ഒടിഞ്ഞുവീണത്. ഒരു ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 2000 വാഴകളാണ് കൃഷി ചെയ്തത്. വായ്പയെടുത്താണ് കൃഷി ചെയ്തതെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. കൃഷി വകുപ്പധികൃതർ നഷ്ടം വിലയിരുത്തി അടിയന്തര ധനസഹായം അനുവദിക്കണമെന്നാണ് കുഞ്ഞുമുഹമ്മദിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.