മുന്നറിയിപ്പില്ലാതെ സഹകരണ ആയുർവേദ ആശുപത്രിഫ്യൂസ് ഊരി കെ.എസ്.ഇ.ബി
text_fieldsമേപ്പാടി: ബില്ലടയ്ക്കാൻ മൂന്ന് ദിവസം വൈകിയ മേപ്പാടി പുനർജനി ആയുർവേദ സഹകരണ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി അധികൃതർ.
ഫ്യൂസ് ഊരാൻ ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ജീവനക്കാർ എത്തിയപ്പോഴാണ് ബിൽ അടച്ചില്ലെന്നത് ആശുപത്രി അധികൃതർ ശ്രദ്ധിക്കുന്നത്. മറവി പറ്റിപ്പോയതാണെന്നും ഇപ്പോൾതന്നെ തുക അടച്ചുകൊള്ളാമെന്നും അധികൃതർ പറഞ്ഞു നോക്കി.10 മിനിറ്റിനുള്ളിൽ ബിൽ തുക 2476 രൂപ ആശുപത്രി അധികൃതർ അടയ്ക്കുകയും ചെയ്തു. എന്നാൽ അതിനകം ജീവനക്കാർ ഫ്യൂസ് ഊരിക്കഴിഞ്ഞിരുന്നു.
ബിൽ തുക അടച്ച സ്ഥിതിക്ക് ഫ്യൂസ് പുനഃസ്ഥാപിച്ചു തരണമെന്ന ആശുപത്രി അധികൃതരുടെ അഭ്യർഥന കെ.എസ്.ഇ.ബി അധികൃതർ ചെവിക്കൊണ്ടില്ല. ഫ്യൂസ് 24 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ചാൽ മതിയെന്നും പബ്ലിക് റിലേഷൻസ് ഓഫിസറായ ഓഫിസ് സൂപ്രണ്ട് പറഞ്ഞുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
രണ്ട് വാടകക്കെട്ടിടങ്ങളിലായാണ് ആശുപത്രിയുടെ പ്രവർത്തനം. വൈദ്യുതി വെളിച്ചമില്ലെങ്കിൽ ഡോക്ടറുടെ കാബിനിലും ഫാർമസിയിലും എല്ലാം ഇരുട്ടാണ്. രോഗികളെ പരിശോധിക്കാനോ മരുന്ന് കൊടുക്കാനോ കഴിയില്ല. വന്ന രോഗികളെയൊക്കെ തിരിച്ചയക്കേണ്ടി വന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.
മുന്നറിയിപ്പുമില്ലാതെയും രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയെന്ന പരിഗണനപോലും നൽകാതെയുമാണ് എന്തോ മുൻവിധിയോടെ ഫ്യൂസ് ഊരി തങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. കെ.എസ്.ഇ.ബി അധികൃതരുടെ നടപടിക്കെതിരെ കൽപറ്റ എക്സി. എൻജിനീയർക്കും കൺസ്യൂമർ ഗ്രീവൻസ് സെല്ലിലും പരാതി നൽകിയതിനെത്തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷം ഉച്ചക്ക് ഒന്നരയോടെയാണ് ഫ്യൂസ് പുനഃസ്ഥാപിച്ചത്. മൂന്ന് വർഷമായി ഒരു വീഴ്ചയും വരുത്താതെ കൃത്യമായി ബില്ലടച്ചുവന്ന ആശുപത്രിയുടെ പ്രവർത്തനം മുടക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.