വിത്തുകാട് നിവാസികളുടെ വോട്ട് ബഹിഷ്കരണം; അനുനയ നീക്കവുമായി മുന്നണികൾ
text_fieldsമേപ്പാടി: അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലുമില്ലാതെ 12 വർഷമായി ദുരിതജീവിതം തള്ളിനീക്കുന്ന വിത്തുകാട് ഭൂസമരകേന്ദ്രത്തിലെ കുടുംബങ്ങളുടെ വോട്ട് ബഹിഷ്കരണ ഭീഷണി മുന്നണികളുടെ ഉറക്കംകെടുത്തുന്നു. ഇവിടെ താമസിക്കന്ന 150ഓളം കുടുംബങ്ങളാണ് മാസങ്ങൾക്കു മുമ്പ് വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് അനുനയ നീക്കവുമായി യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികളാണ് ആദ്യം ഇവരെ സമീപിച്ചത്. ഒരു വാർഡിൽ 150ഓളം വരുന്ന വോട്ടുകൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിർണായകമാണ്.
വീട്ടുനമ്പർ, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടിലാണ് ഇവിടത്തെ കുടുംബങ്ങൾ. വിത്തുകാട് കുടുംബ സംരക്ഷണ സമിതിയുടെ പേരിലായിരുന്നു വോട്ട് ബഹിഷ്കരണ തീരുമാനം. യു.ഡി.എഫ് നേതാക്കൾ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പുമായി ഇവരെ സമീപിച്ചു.
എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളും തങ്ങളെ സമീപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. വ്യക്തമായ ഉറപ്പ് നൽകുന്ന മുന്നണിയെ സഹായിക്കുക എന്ന സമീപനമായിരിക്കും കുടുംബങ്ങൾ സ്വീകരിക്കുകയെന്ന് വിത്തുകാട് കുടുംബ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.