ജനവാസ മേഖലയിലൂടെ ബൈപാസ് റോഡ്; പ്രദേശവാസികൾ പ്രക്ഷോഭത്തിന്
text_fieldsമേപ്പാടി: പി.ഡബ്ല്യു.ഡി ബൈപാസ് റോഡ് ഗതി മാറ്റി പഞ്ചായത്ത് ഓഫിസിന് മുൻ ഭാഗത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു കൂടി കടന്നു പോകുന്ന രീതിയിൽ അലൈൻമെന്റുണ്ടാക്കിയതിൽ എതിർപ്പുമായി പ്രദേശവാസികൾ രംഗത്ത്.
സാധാരണക്കാരായ 20 ലധികം വീടുകൾ പൊളിച്ചു നീക്കേണ്ടി വരും എന്നതിലാണ് എതിർപ്പും പ്രതിഷേധവും. മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പധികൃതർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുമായി സഹകരിച്ച് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്തിയിരുന്നു.
മുൻ കാലത്ത് ഉണ്ടാക്കിയ അലൈൻമെന്റ് പ്രകാരം ഗവ. എൽ.പി സ്കൂളിന് മുൻവശത്തുനിന്ന് തുടങ്ങി എച്ച്.എം.എൽ എസ്റ്റേറ്റിലൂടെ കടന്ന് തൊട്ടടുത്ത പൂത്തകൊല്ലി എസ്റ്റേറ്റ് പിന്നിട്ട് മൂപ്പൈനാട് ജങ്ഷനിൽ എത്തുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. ആദ്യഘട്ടത്തിൽ റോഡിന് സ്ഥലം വിട്ടു കൊടുക്കാൻ രണ്ട് എസ്റ്റേറ്റുകളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ എച്ച്.എം.എൽ തോട്ടത്തിലൂടെ റോഡ് കടന്നു പോകുന്നതിന് തടസ്സമുണ്ടെന്നാണ് പഞ്ചായത്ത് ഭരണ സമിതി പറയുന്നത്.
പഞ്ചായത്ത് ഓഫിസിന് മുൻവശത്തെ ജനവാസ മേഖലയിലൂടെ കടന്നു പോകും വിധത്തിൽ റോഡിന് പുതിയ അലൈൻമെന്റ് തയാറാക്കിയതാണ് പ്രദേശവാസികളുടെ എതിർപ്പിനിടയാക്കിയത്. 20 ഓളം വീടുകൾ പൊളിച്ചു നീക്കേണ്ടി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതാണ് പ്രദേശത്തുള്ളവരെ ആശങ്കയിലാക്കിയത്. ഇതിനെതിരെ ബൈപാസ് ജനകീയ സമിതി രൂപവത്കരിച്ച് പ്രദേശവാസികൾ രംഗത്തു വന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.