കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനം ഓട്ടം നിർത്തി; ചെമ്പ്ര സ്കൂളിൽ ഹാജർ പൂജ്യം
text_fieldsമേപ്പാടി: വാടക കുടിശ്ശിക നൽകാത്തതിനാൽ കുട്ടികളെ എത്തിച്ചിരുന്ന ജീപ്പ് ഓട്ടം നിർത്തിയതിനെ തുടർന്ന് ചെമ്പ്ര ഗവ. യു.പി. സ്കൂളിലെ 47 കുട്ടികൾക്കും ചൊവ്വാഴ്ച സ്കൂളിലെത്താനായില്ല. ആറ് അധ്യാപകർ മാത്രമാണ് സ്കൂളിലെത്തിയത്. തോട്ടം തൊഴിലാളികളുടെ 47 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇതിൽ എട്ടുപേർ യു.പിയിലും ബാക്കിയുള്ളവർ എൽ.പിയിലുമാണ്.
കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളെ ഭയന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാതെ പഠനം മുടങ്ങുന്നത് സംബന്ധിച്ച പരാതികൽ നിരന്തരമായി വന്നതിനെത്തുടർന്ന് 2018ൽ സംസ്ഥാന ബാലാവകാശ കമീഷൻ പ്രശ്നത്തിലിടപെടുകയും കുട്ടികളെ വാഹനത്തിൽ സ്കൂളിലെത്തിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അന്ന് വളരെ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ അവരെ ഓട്ടോയിലാണ് സ്കൂളിൽ എത്തിച്ചിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം കൂടി 47 ആയി. അപ്പോൾ പഞ്ചായത്ത് ക്വട്ടേഷൻ ക്ഷണിച്ച് ജീപ്പ് ഏർപ്പെടുത്തുകയായിരുന്നു.
മൂന്ന് ട്രിപ്പ് ആയാണ് കുട്ടികളെ എത്തിച്ചിരുന്നത്. ദിവസം 1500 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ, അധ്യയന വർഷം ആരംഭിച്ച മുതൽ ഒരു രൂപ പോലും വാടകയിനത്തിൽ നൽകിട്ടില്ല. ഇക്കാരണത്താലാണ് ചൊവ്വാഴ്ച ജീപ്പ് ഓട്ടം നിർത്തിയത്. കുട്ടികളുടെ പoനം മുടങ്ങിയതിനെത്തുടർന്ന് രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും പഞ്ചായത്ത് ഓഫിസിലെത്തി അധികൃതരോട് പ്രതിഷേധിക്കുകയും ചെയ്തു. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശമായതിനാൽ കാൽനടയായി കൂട്ടികൾക്ക് സ്കൂളിലെത്താൻ കഴിയില്ല. എന്നാൽ, 100 ശതമാനവും ജനറൽ വിഭാഗത്തിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ലക്ഷങ്ങൾ ഫണ്ട് അനുവദിക്കാൻ സർക്കാർ ചട്ടങ്ങൾ അനുവദിക്കുന്നില്ല എന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. അതിനാൽ തങ്ങൾ നിസ്സഹായാവസ്ഥയിലാണെന്നും അവർ പറയുന്നു.
പ്രത്യേക പരിഗണന ആവശ്യപ്പെട്ട് 3.75 ലക്ഷം രൂപയുടെ പ്രോജക്ട് ഡി.പി.സി.ക്ക് നൽകിയെങ്കിലും അംഗീകാരം ലഭിച്ചില്ലെന്നും അവർ പറയുന്നു. ഇത് സ്റ്റേറ്റ് കോഓഡിനേഷൻ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണിപ്പോൾ. അനുമതി ലഭിച്ചാൽ പണം നൽകുന്നതിന് തങ്ങൾ തയാറാണെന്നും പഞ്ചായത്തധികൃതർ പറയുന്നു. പ്രധാനധ്യാപിക വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും പഞ്ചായത്തിലെത്തി അധികൃതരുമായി ചർച്ച നടത്തിയിതിനെ തുടർന്ന് കുടിശ്ശികയുള്ളതിൽ ദിവസം 500 രൂപ തോതിൽ ആറുമാസത്തെ തുക നൽകാനും ബാക്കി കുടിശ്ശികയും മറ്റും അധികൃതരുമായി ബന്ധപ്പെട്ട ശേഷം തീരുമാനമെടുക്കുന്ന മുറക്ക് നൽകാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.