മുളങ്കൂട്ടങ്ങൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതെറിഞ്ഞു; പ്രതിഷേധം ശക്തം
text_fieldsമേപ്പാടി: പള്ളിക്കവല-മഞ്ഞപ്പാറ റോഡിൽ നത്തംകുനി വെള്ളക്കെട്ടിനിരുവശത്തും നട്ടുവളർത്തിയ മുളങ്കൂട്ടങ്ങൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതെറിഞ്ഞതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു. റോഡ് സുരക്ഷക്കായി ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാറുകാരാണ് രണ്ട് മുളങ്കൂട്ടങ്ങൾ തകർത്തുകളഞ്ഞത്.
നത്തംകുനി ആർഷഭാരത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ വഴിയോര വനം പദ്ധതിയുടെ ഭാഗമായി 10 വർഷം മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെ സംരക്ഷിച്ച മുളങ്കൂട്ടത്തിൽ രണ്ടെണ്ണമാണ് കരാറുകാർ തന്നിഷ്ടപ്രകാരം പറിച്ചെറിഞ്ഞത്.
വിവരമറിയിച്ചപ്പോൾ കാരാപ്പുഴ പദ്ധതി അധികൃതരും പൊതുമരാമത്ത് വകുപ്പധികൃതരും തങ്ങൾക്കറിയില്ലെന്നു പറഞ്ഞ് കൈമലർത്തി. മുളകൾ നശിപ്പിക്കാൻ തങ്ങൾ ആവശ്യപ്പെട്ടില്ലെന്നാണ് പറയുന്നത്. ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പ്രവൃത്തി കരാറെടുത്ത എറണാകുളം കേന്ദ്രമായിട്ടുള്ള ഡിമാർട്ട് ഗാമ എന്ന കമ്പനിയുടെ ജോലിക്കാരാണ് ജെ.സി.ബി ഉപയോഗിച്ച് മുളങ്കൂട്ടങ്ങൾ പിഴുതു കളഞ്ഞതെന്നാണ് ആക്ഷേപം.
ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിന് മുളങ്കൂട്ടങ്ങൾ തടസ്സമായിരുന്നില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇത് നശിപ്പിച്ചവരുടെ പേരിൽ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. കാരാപ്പുഴ പദ്ധതി അധികൃതർ, പൊതുമരാമത്ത് വകുപ്പ് അധികൃതർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ പറഞ്ഞു.
വഴിയോര വനം പദ്ധതിയുടെ ഭാഗമായി നത്തംകുനി മുതൽ നെല്ലാരച്ചാൽ വരെ 750 മീറ്റർ ദൂരത്തിൽ നൂറുകണക്കിന് മുളകളാണ് നട്ടത്. കൊല്ലംതോറും നാട്ടുകാരുടെ സഹകരണത്തോടെ സംരക്ഷണ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. നട്ടുവളർത്തിയ മുളങ്കൂട്ടങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയും എന്നിരിക്കെ അവയെ പിഴുതെറിഞ്ഞത് പരിസ്ഥിതി സ്നേഹികളെ പരിഹസിക്കുന്ന നടപടി ആണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.