വരുന്നു, റാട്ടക്കൊല്ലി അംഗൻവാടിക്ക് പുതിയ കെട്ടിടം
text_fieldsമേപ്പാടി: പ്രധാനമന്ത്രി ജൻമൻ യോജന പദ്ധതിയിൽ കേരളത്തിന് അനുവദിച്ച ഏഴ് അംഗൻവാടി കെട്ടിടങ്ങളിൽ ഒന്ന് മേപ്പാടി ചെമ്പോത്തറ റാട്ടക്കൊല്ലി അംഗൻവാടിക്ക്. ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിൽ ഒരു അംഗൻവാടിക്കു കൂടി മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.12 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിർമിക്കാനായി അനുവദിച്ചത്. അധികം വരുന്ന തുക ഗ്രാമ പഞ്ചായത്ത് കണ്ടെത്തും.
റാട്ടക്കൊല്ലി കോളനിയിലെ അംഗൻവാടി കെട്ടിടത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലി ഗ്രാമ പഞ്ചായത്ത് എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗം ആരംഭിച്ചു.
ഇതിനായി മേപ്പാടി എൽ.എസ്.ജി.ഡി എൻജിനീയർ ജോണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ റാണി എന്നിവർ കോളനിയിലെത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജു ഹെജമാടി, വാർഡ് അംഗം സി.ഹാരീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വനം വകുപ്പിന്റെ എൻ.ഒ.സി. ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും അവർ പറഞ്ഞു. വനാവകാശ നിയമ പ്രകാരം അനുവദിച്ച ഭൂമിയിലാണ് റാട്ടക്കൊല്ലിയിലെ ആദിവാസി കുടുംബങ്ങൾ കഴിയുന്നത്.
കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളതും വൈ.എം.സി.എ എന്ന സംഘടന നിർമിച്ചതുമായ കോളനിയിലെ കെട്ടിടത്തിലായിരുന്നു അംഗൻവാടി പ്രവർത്തിച്ചിരുന്നത്. കെട്ടിടം ജീർണിച്ച് നിലംപതിക്കാറായ അവസ്ഥയിൽ അംഗൻവാടി പ്രവർത്തനം നിലച്ചു. നിലവിൽ ഉണ്ടായിരുന്ന 20ൽപരം കുട്ടികളെ ചെമ്പോത്തറ അംഗൻവാടിയിലേക്ക് മാറ്റി.
എന്നാൽ അവിടേക്ക് ദൂരം അധികമായതിനാൽ കുട്ടികൾ പോകാതെയായി. സൗകര്യപ്രദമായ കെട്ടിടമില്ലെന്നതിനാൽ കോളനിയിൽ ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നില്ല. പി.എം ജൻമൻ പദ്ധതി ഫണ്ട് ലഭിക്കുന്ന സാഹചര്യത്തിൽ പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമ്മിക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.