ആരോഗ്യ പ്രവർത്തകയെ ജനപ്രതിനിധി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി
text_fieldsമേപ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ആരോഗ്യപ്രവർത്തകയെ പരസ്യമായി ആക്ഷേപിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതായി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗത്തിനെതിരെ പരാതി. ആരോഗ്യപ്രവർത്തക സൈറാ ബാനുവിെൻറ പരാതിയെത്തുടർന്ന് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് തൃക്കൈപ്പറ്റ ഡിവിഷൻ അംഗം അരുൺ ദേവിനെതിരെ മേപ്പാടി പൊലീസ് കേസെടുത്തു. മേയ് 20ന് മൂന്നാം വാർഡ് ഏഴാംചിറ അംഗൻവാടിയിൽ ചേർന്ന കോവിഡ് ഹെൽപ് ഡെസ്ക് രൂപവത്കരണ യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതായി പരാതി ഉയർന്നത്.
വാർഡംഗം വിളിച്ചുചേർത്ത ആശാവർക്കർമാരുടെ യോഗത്തിലുണ്ടായിരുന്ന സൈറാ ബാനുവിനെ സ്ഥലത്തെത്തിയ അരുൺദേവ് പരസ്യമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് ഒരുങ്ങുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, അംഗൻവാടി വർക്കർമാർ എന്നിവരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ബ്ലോക്ക് ഡിവിഷൻ അംഗം അയച്ച ശബ്ദസന്ദേശത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി അധിക്ഷേപിച്ചെന്നാണ് പരാതി.
രക്തസമ്മർദം കൂടിയ ആരോഗ്യപ്രവർത്തക കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ചീഫ് മെഡിക്കൽ ഓഫിസർ, ഡി.എം.ഒ, കലക്ടർ, പൊലീസ് അധികൃതർ എന്നിവർക്കാണ് പരാതി നൽകിയത്.
ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഡിവിഷൻ അംഗം അരുൺദേവ് പറഞ്ഞു. മൂന്ന്, നാല് വാർഡുകളുൾപ്പെട്ട കുഴിമുക്ക് സബ്സെൻററിെൻറ ചുമതലയുള്ള ആരോഗ്യപ്രവർത്തകക്കെതിരെ കൃത്യവിലോപം സംബന്ധിച്ച് നിരവധി പരാതികൾ പൊതുജനങ്ങളിൽനിന്നടക്കം ഉയർന്ന വിവരം അവരുടെ ശ്രദ്ധയിൽപെടുത്തുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് അരുൺദേവ് പറഞ്ഞു. അപ്പോൾ വളരെ പരുഷമായാണ് അവർ പ്രതികരിച്ചത്. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ അവരെ സ്ഥലത്തുണ്ടായിരുന്ന ആശാവർക്കർമാർ തിരികെ വിളിച്ചു കൊണ്ടുവരുകയായിരുന്നു.
മറ്റൊരു ആവശ്യവുമായി ബന്ധപ്പെട്ട് താൻ അവിടെനിന്ന് പോവുകയും ചെയ്തു. ഇതിന് യോഗത്തിൽ സംബന്ധിച്ച എല്ലാവരും വാർഡ് അംഗവും സാക്ഷികളാണ്. അടിസ്ഥാനരഹിതമായ ആരോപണത്തിെൻറ പേരിലാണ് കേസെടുത്തതെന്നും അരുൺദേവ് പ്രതികരിച്ചു. കോൺഗ്രസ് പ്രതിനിധിയായ ബ്ലോക്ക് ഡിവിഷൻ അംഗത്തിനെതിരെ സി.പി.എം ആഭിമുഖ്യത്തിലുള്ള സർവിസ് സംഘടനയായ എൻ.ജി.ഒ യൂനിയൻകൂടി പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതോടെ പ്രശ്നത്തിന് രാഷ്ട്രീയമാനം കൂടി കൈവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.