കുടകിൽ കൃഷിപ്പണിക്ക് കൊണ്ടുപോയ ആദിവാസി ദമ്പതിമാരെ കാണാനില്ലെന്ന് പരാതി
text_fieldsമേപ്പാടി: കുടകിൽ കൃഷിപ്പണികൾക്കായി കൊണ്ടുപോയ ജയ്ഹിന്ദ് കോളനിയിലെ ആദിവാസി ദമ്പതികളെക്കുറിച്ച് അഞ്ചുമാസമായി ഒരു വിവരവുമില്ലെന്ന് ആക്ഷേപം. മൂപ്പൈനാട് ഒന്നാം വാർഡ് ജയ്ഹിന്ദ് കോളനിയിലെ അപ്പു-കല്യാണി ദമ്പതികളെയാണ് കാണാനില്ലെന്ന പരാതി ഉയർന്നത്.
മേയിലാണ് അരപ്പറ്റ സ്വദേശിയായ ഒരു വക്കീൽ താൻ കുടകിൽ വീരാജ് പേട്ടയ്ക്കടുത്ത് വിട്ടങ്കലം എന്ന സ്ഥലത്ത് പാട്ടത്തിനെടുത്ത കാപ്പി-കുരുമുളക് തോട്ടത്തിൽ ജോലിക്കായി ഇവരെ കൊണ്ടുപോയത്. കോളനിയിലെ മറ്റൊരു സ്ത്രീയടക്കം മൂന്നുപേർ കൂടി ഉണ്ടായിരുന്നു.
രണ്ടാഴ്ച ജോലി ചെയ്ത ശേഷം മൂന്നുപേർ തിരികെ വീട്ടിലേക്ക് പോന്നു. ആദിവാസി ദമ്പതികൾ അവിടെത്തന്നെ നിന്നു. മൂന്നുപേർ തിരികെപോയപ്പോൾ അപ്പുവും കല്യാണിയും താമസസ്ഥലത്ത് ഉണ്ടായിരുന്നില്ല. അവരുടെ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ താമസിച്ചിരുന്ന മുറിയിൽ ഉണ്ടായിരുന്നില്ല. അന്വേഷിച്ചിട്ടും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇവരെ ജോലിക്കായി കൊണ്ടുപോയയാൾക്കും ഇതേക്കുറിച്ച് വ്യക്തമായ മറുപടിയില്ലത്രെ.
മൂന്നുമാസം മുമ്പ് കോളനിയിലുള്ളവർ ഇതു സംബന്ധിച്ച് മേപ്പാടി പൊലീസിൽ പരാതി നൽകി. പൊലീസ് കുടകിൽ പോയി അന്വേഷിക്കുകയും ഇവരെ കാണാനില്ലെന്ന നോട്ടീസ് അവിടെ പലയിടങ്ങളിൽ പതിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കുടകിലെ മറ്റാരെങ്കിലും ഇവരെ ജോലിക്കായി കൊണ്ടുപോയി തടഞ്ഞുവെച്ചിരിക്കുകയാണോ എന്ന സംശയവും നിലനിൽക്കുന്നു.
കുടക് സ്വദേശികളായ ജന്മിമാർ ആരെങ്കിലും ഇവരെ ജോലിക്ക് കൊണ്ടുപോയിട്ടുണ്ടാകാമെന്നും വിട്ടയക്കാതെ തടഞ്ഞു വെച്ചിരിക്കാനിടയുണ്ടെന്നുമുള്ള സംശയം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാകണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.