കോവിഡ് രോഗിയെ ഓട്ടോയിൽ കയറ്റിവിട്ടെന്ന് ആക്ഷേപം
text_fieldsമേപ്പാടി: പരിശോധനയിൽ കോവിഡ് പോസിറ്റിവെന്ന് തെളിഞ്ഞ രോഗിയെ വീട്ടിൽ ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ച് ആശുപത്രി അധികൃതർ ഓട്ടോയിൽ കയറ്റിവിട്ടെന്ന് ആക്ഷേപം. ഏപ്രിൽ 27ന് പോസിറ്റിവായ രോഗിയുടെ, രോഗലക്ഷണം പ്രകടിപ്പിച്ച ഒന്നര വയസ്സുള്ള മകളെ ഓട്ടോവിളിച്ച് ആശുപത്രിയിലെത്തിക്കാൻ അധികൃതർ നിർദേശിച്ചെന്നും പരാതി ഉയർന്നു.
നെടുമ്പാല സ്വദേശിയും ഡ്രൈവറുമായ കടയ്ക്കാടൻ അനീഷിനാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. രോഗിയാണെന്ന് വ്യക്തമായശേഷം വീട്ടിൽ ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ച് ഓട്ടോ വിളിച്ച് ഇയാളെ ആശുപത്രി അധികൃതർ പറഞ്ഞുവിട്ടെന്നാണ് ആക്ഷേപം.
സമ്പർക്ക വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാൾ ഓട്ടോയിൽ കയറി റിപ്പൺ പുല്ലൂർക്കുന്നിലുള്ള ഭാര്യ വീട്ടിലെത്തി ക്വാറൻറീനിൽ കഴിയുകയാണ്. സാധാരണ 150 രൂപ ഓട്ടോ ചാർജ് വരുന്നിടത്ത് 350 രൂപ ഓട്ടോക്കാരൻ കൂലി ആവശ്യപ്പെട്ടെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ 200 രൂപ കൊടുത്തെന്നും പറയുന്നു.
ഏപ്രിൽ 27ന് വീണ്ടും പരിശോധനക്ക് പോകണം. ഇതിനിടയിലാണ് ഒന്നര വയസ്സുള്ള മകൾക്ക് പനിയും മറ്റ് ലക്ഷണങ്ങളും കാണുന്നത്. ഈ വിവരം മൂപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിളിച്ചറിയിച്ചപ്പോൾ ഓട്ടോവിളിച്ച് കുട്ടിയെ ആരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.