സൂചിപ്പാറയിൽ സഞ്ചാരികളുടെ എണ്ണം കുറച്ചത് പ്രതിസന്ധിയായി
text_fieldsതിരക്കൊഴിഞ്ഞ സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം
മേപ്പാടി: എട്ടു മാസം അടച്ചിട്ടതിന് ശേഷം നവംബർ ഒന്നിന് സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും തുറന്നു. എന്നാൽ ദിവസം 500 പേർക്കായി സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയത് വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
വരുമാനം കുറഞ്ഞതിനാൽ പല സ്ഥാപനങ്ങളും പൂട്ടി. പലരും ജീവനക്കാരെ ഒഴിവാക്കി. നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രവേശനം ലഭിക്കാതെ മടങ്ങിപ്പോകുന്നവരും നിരവധിയാണ്. ടിക്കറ്റ് നിരക്ക് വർധനയും സഞ്ചാരികളെ പിറകോട്ടു വലിക്കുന്നുണ്ട്.
സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച് പുന:പരിശോധന ഹരജി ഫയൽ ചെയ്യാമെന്ന് കോടതി നിർദേശമുണ്ടെങ്കിലും വനം വകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സൂചിപ്പാറ വെള്ളച്ചാട്ടം.
സൂചിപ്പാറ വെള്ളച്ചാട്ടം
കാട്ടാന ആക്രമണത്തിൽ കുറുവയിലെ വനം വകുപ്പ് ജീവനക്കാരൻ മരിച്ചതിനെത്തുടർന്ന് കോടതി ഉത്തരവു പ്രകാരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ച കൂട്ടത്തിലാണ് സൂചിപ്പാറയും അടച്ചിട്ടത്. പിന്നീട് ഹൈകോടതി അനുമതി നൽകിയ ശേഷമാണ് വീണ്ടും തുറന്നത്.
ദിവസേനയുള്ള പ്രവേശനം 1200 പേരായിരുന്നത് 500 ആയി കോടതി തന്നെ പരിമിതപ്പെടുത്തുകയും ഒരാൾക്കുള്ള പ്രവേശന ഫീസ് 75 രൂപയിൽ നിന്ന് 150 ആയി വർധിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് 50 രൂപയും വിദേശികൾക്ക് 300 രൂപയുമാണ് ഫീസ്. ഇതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞത് ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു.
ഇപ്പോൾ പ്രവർത്തിക്കുന്നസ്ഥാപനങ്ങൾ ഏതു നിമിഷവും പൂട്ടാവുന്ന നിലയിലാണ്. പ്രതിദിന സന്ദർശകരുടെ എണ്ണത്തിൽ വർധന വരുത്തിയാലേ പല സ്ഥാപനങ്ങൾക്കും പിടിച്ചുനിൽക്കാനാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.