ആനപ്പേടിയിൽ എരുമക്കൊല്ലി എൽ.പി.സ്കൂൾ
text_fieldsമേപ്പാടി: ചെമ്പ്ര എരുമക്കൊല്ലി ഗവ. എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത് കാട്ടാനകൾ തമ്പടിക്കുന്ന കാടിന് നടുവിൽ. ആന സാന്നിധ്യം മൂലം പല പ്രവൃത്തി ദിവസങ്ങളിലും സ്കൂളിന് അവധി നൽകേണ്ട അവസ്ഥയാണെന്ന് അധികൃതർ പറയുന്നു.
കാട്ടാനകളെ പേടിച്ച് പിഞ്ചുകുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു. കുട്ടികളെ മറ്റു സ്കൂളുകളിൽ ചേർത്തവരുമുണ്ട്. 200 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ 28 കുട്ടികൾ മാത്രമാണുള്ളത്. ചെമ്പ്ര വന മേഖലക്കടുത്താണ് സ്കൂൾ. ആറും ഏഴും കാട്ടാനകളടങ്ങിയ കൂട്ടം എന്നും പരിസരത്തു തന്നെയുണ്ടാകും.
സ്കൂൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്കൂൾ സ്ഥലം മുമ്പ് എസ്റ്റേറ്റ് മാനേജ്മെൻറ് സർക്കാറിലേക്ക് വിട്ടു കൊടുത്തതാണ്. അത് എസ്റ്റേറ്റിന് വിട്ടുകൊടുത്താൽ പകരം കൂടുതൽ സൗകര്യപ്രദമായ സ്ഥലം സ്കൂൾ നിർമിക്കാൻ വിട്ടുകൊടുക്കാമെന്ന് തോട്ടം മാനേജ്മെൻറ് ഉറപ്പുനൽകിയിട്ടുണ്ട്.
എന്നാൽ, വിഷയം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണെന്ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ് പറയുന്നു. നിലവിലുള്ള സ്ഥലം എസ്റ്റേറ്റിന് നൽകി പകരം സ്ഥലം ഏറ്റെടുക്കണം. പുതിയ കെട്ടിടം നിർമിക്കുന്നതിനുമുള്ള അനുമതി, ഫണ്ട് എന്നിവയും വേണം. അതിനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.