തോട്ടഭൂമി പാട്ടത്തിനു കൊടുക്കലും മുറിച്ചുവിൽപനയും വ്യാപകം
text_fieldsമേപ്പാടി: മേഖലയിൽ തോട്ടഭൂമി പാട്ടത്തിനു കൊടുക്കലും മുറിച്ചുവിൽപനയും വ്യാപകം. ഭൂനിയമം, പ്ലാന്റേഷൻ നിയമങ്ങൾ എന്നിവ ലംഘിച്ചാണ് രഹസ്യമായി യഥേഷ്ടം ഇടപാട് നടക്കുന്നത്.
നിയമാനുസൃത രജിസ്ട്രേഷൻ നടത്താതെയുള്ള ഈ ഇടപാടുകൾ ക്രമേണ തോട്ടങ്ങളുടെ വിസ്തൃതി കുറയാനിടയാക്കുമെന്നാണ് ആരോപണം. തോട്ടം നടത്തിപ്പിനു മാത്രമേ തോട്ടഭൂമികളുടെ വിൽപന നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ, ഇതല്ലാതെ നിരവധി വിൽപനയും കൈമാറ്റങ്ങളും മേപ്പാടി മേഖലയിൽ മുമ്പ് നടന്നിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളും ഈ മേഖലയിൽ ഭൂമി വാങ്ങി മുറിച്ചുവിൽപന നടത്തിയിട്ടുണ്ട്. പലതിനും വില്ലേജ്, താലൂക്ക്, റവന്യൂ അധികാരികൾ കൂട്ടുനിന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. വൈത്തിരി ലാൻഡ് ബോർഡും ഇത് കണ്ടില്ലെന്നു നടിക്കുന്നുവെന്നാണ് പരാതി.
എൽസ്റ്റൺ എസ്റ്റേറ്റ് പൂത്തകൊല്ലി ഡിവിഷൻ മൊത്തമായി വാങ്ങിയ ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ് ഭൂമി വ്യാപകമായി മുറിച്ചുവിൽക്കുകയും തരംമാറ്റലിന് വിധേയമാക്കുകയും ചെയ്തപ്പോൾ അന്നത്തെ ജില്ല കലക്ടർ ശക്തമായി നടപടി സ്വീകരിച്ചിരുന്നു.
2011ലായിരുന്നു അത്. നിയമവിരുദ്ധ ഇടപാടുകൾക്ക് കൂട്ടുനിന്ന കോട്ടപ്പടി വില്ലേജ് ഓഫിസർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയെടുത്തിരുന്നു.
ഇതിനുശേഷമാണ് പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് വീടുവെക്കാനായി ചാരിറ്റബ്ൾ ട്രസ്റ്റിന് ഇതേ തോട്ടത്തിലെ ഏഴ് ഏക്കർ ഭൂമി 1.70 കോടി രൂപക്ക് വിൽക്കുന്നത്. ഈ ഭൂമിയിലാണ് പുത്തുമല ദുരന്തബാധിതർക്ക് വീടുകൾ നിർമിച്ചുനൽകിയത്. ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായാണ് നടപടിക്ക് അംഗീകാരം ലഭിച്ചതെന്നാണ് അറിവ്.
പോഡാർ പ്ലാന്റേഷൻ നെല്ലിമുണ്ട, ഓടത്തോട് ഡിവിഷനുകളിൽ തോട്ടഭൂമി ചില്ലറയായി മുറിച്ചുവിൽക്കുന്നു എന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ഇവ പലതും പിന്നീട് തരംമാറ്റപ്പെടുകയും ചെയ്തു. മറ്റുചില വൻകിട തോട്ടങ്ങൾ ടൂറിസം സംരംഭങ്ങൾക്കുവേണ്ടി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകുന്നുണ്ട്. എസ്റ്റേറ്റിന്റെ തന്നെ ഉടമസ്ഥതയിൽ ടൂറിസം സംരംഭങ്ങൾ നടത്താനേ തോട്ടഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടം. ഇതു പാലിക്കാതെയും മേഖലയിൽ ഇടപാടുകൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരാതികൾ നൽകിയിട്ടും റവന്യൂ അധികൃതർ ഇത് കണ്ടില്ലെന്നു നടിക്കുന്നുവെന്ന ആക്ഷേപമുയർത്തി എച്ച്.എം.എസ് ജില്ല ഭാരവാഹികൾ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.