കാമറയല്ല; കണ്ണു തുറക്കേണ്ടത് അധികാരികൾ
text_fieldsമേപ്പാടി : ടൗണിൽ കാമറയല്ല, കണ്ണ് തുറക്കേണ്ടത് അധികാരികളാണെന്ന് ജനങ്ങൾ. ടൗണിൽ പകുതി ഭാഗത്ത് ടാറിങ് പൂർത്തീകരിക്കാത്തതിനാൽ നിയന്ത്രണ രേഖകൾ മാർക്ക് ചെയ്തിട്ടില്ല. പാർക്കിങ്, നോ പാർക്കിങ് എന്നിവ നിശ്ചയിക്കുന്ന ട്രാഫിക് പരിഷ്കരണവും നടപ്പാക്കിയിട്ടില്ല.
റോഡ് നിയമങ്ങൾ നിർണയിക്കാതെ നിയമ ലംഘനം എങ്ങനെ കണ്ടെത്തുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഗവ.എൽ.പി സ്കൂളിന് എതിർ വശത്താണ് മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് (എ.ഐ) കാമറ സ്ഥാപിച്ചിട്ടുള്ളത്. ഈ ഭാഗത്ത് കാപ്പം കൊല്ലി മുതൽ കെ.ബി ജങ്ഷൻ വരെ റോഡ് ഒരു ലെയർ കൂടി ടാറിങ് നടത്താനുണ്ട്.
ഒരു വർഷത്തിലേറെയായി അത് നടത്തിയിട്ടില്ല. അതിനാൽ റോഡിൽ വരകൾ മാർക്ക് ചെയ്തിട്ടില്ല. ഇവിടെ എങ്ങനെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ നിശ്ചയിക്കാനാകും എന്നാണ് ഉയരുന്ന ചോദ്യം. ലൈൻ ട്രാഫിക് നിയമലംഘനം ഉൾപ്പെടെ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യവുമുണ്ട്.
ലൈൻ മാർക്ക് ചെയ്യാത്തതിനാൽ ഇവിടങ്ങളിൽ അപകട സാധ്യതയും ഏറെയാണ്. ഊട്ടി റോഡിൽ കെ.ബി. ജങ്ഷൻ മുതൽ വടുവഞ്ചാൽ ഭാഗത്തേക്ക് മാത്രമാണ് റോഡിൽ വരകൾ മാർക്ക് ചെയ്തിട്ടുള്ളത്. എന്നാൽ, ഗതാഗത പരിഷ്കരണം ഇതു വരെ നടപ്പാക്കാത്തതിനാൽ പാർക്കിങ്, നോ പാർക്കിങ് ഏരിയകൾ നിശ്ചയിച്ചിട്ടില്ല.
ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഈ ഭാഗത്ത് എ.ഐ കാമറയുമില്ല. പിന്നെ എങ്ങനെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കും. വേഗതാ പരിധി നിശ്ചയിക്കാത്തതിനാൽ അമിത വേഗതക്കും പിഴ ഈടാക്കാനാവില്ല. വാഹന പരിശോധന നടത്തി പൊലീസിന് തോന്നുന്ന പോലെ പിഴ ഈടാക്കാമെന്നല്ലാതെ എ.ഐ കാമറകൾക്ക് ഇവിടെ പ്രത്യേകിച്ച് റോളൊന്നുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.