കൂട്ടിൽ കയറി പുലിവാല് പിടിക്കാനില്ലെന്ന് പുലി
text_fieldsമേപ്പാടി ചുളിക്കയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്
മേപ്പാടി: ചുളിക്കയിൽ വനംവകുപ്പ് കൂടും നിരീക്ഷണ കാമറയും സ്ഥാപിച്ച് ആറു ദിവസം പിന്നിട്ടുവെങ്കിലും കൂട്ടിൽ കയറാൻ കൂട്ടാക്കാതെ പുലി.പുലിസാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ചുളിക്ക ബോച്ചെ തൗസന്റ് ഏക്കർ എസ്റ്റേറ്റിനുള്ളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കൂടു സ്ഥാപിച്ചതിന് പുറമെ നിരീക്ഷണ കാമറയും സ്ഥാപിച്ചു. എന്നാൽ, ആറു ദിവസം പിന്നിട്ടിട്ടും പുലി പ്രദേശത്തേക്ക് വന്നിട്ടില്ല. നിരീക്ഷണ കാമറയിലും പുലിയുടെ ചിത്രം തെളിഞ്ഞിട്ടില്ല.
വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പുലികൾ മാത്രമല്ല, പ്രദേശത്ത് കടുവയുടെ സാന്നിധ്യവുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരാതിപ്പെട്ടാൽ പ്രദേശത്ത് കൂട് സ്ഥാപിക്കുക എന്നതിനപ്പുറം വനംവകുപ്പ് മറ്റ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മേപ്പാടി റേഞ്ചിനു കീഴിൽ 12000ത്തിൽപരം ഹെക്ടർ വനഭൂമിയുണ്ടെന്നാണ് കണക്ക്. ഇതിൽ ആന, കടുവ, പുലി, മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ കണക്കുകൾ ശേഖരിക്കുകയും അവക്ക് വനത്തിൽ സ്വൈരമായി കഴിയാനുള്ള സാഹചര്യമൊരുക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ട്.
വനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽനിന്ന് രാത്രി ഉണ്ടാകുന്ന ശബ്ദവും ബഹളവും ലൈറ്റുകളും വാഹനങ്ങളുടെ ശബ്ദവുമെല്ലാം മൃഗങ്ങളുടെ സ്വൈരവാസം തടസ്സപ്പെടുത്തുന്നുണ്ട്. ഇതിന് കർശന നിയന്ത്രണമേർപ്പെടുത്താൻ വനംവകുപ്പ് തയാറാകണമെന്നും കൂട് സ്ഥാപിക്കുകയെന്നത് ശാശ്വത പരിഹാരമല്ലെന്നും നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.