ജീർണാവസ്ഥയിൽ ഫോറസ്റ്റ് ക്വാർട്ടേഴ്സ് കെട്ടിടം
text_fieldsമേപ്പാടി: പുത്തുമല നീലിക്കാപ്പ് അത്തിച്ചുവട്ടിലെ പണി പൂർത്തിയാക്കാതെ പതിറ്റാണ്ടുകളായി കാടു മൂടിക്കിടക്കുന്ന ഫോറസ്റ്റ് ക്വാർട്ടേഴ്സ് കെട്ടിടം രാത്രിയായാൽ മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും താവളം. തൊണ്ണൂറുകളിൽ നിക്ഷിപ്ത വനഭൂമിയായി വനം വകുപ്പ് ഏറ്റെടുത്തതും കൈവശാവകാശം സംബന്ധിച്ച കേസിൽ ഉൾപ്പെട്ടതുമായ സ്ഥലത്ത് സ്വന്തം ഭൂമിയെന്ന് ഉറപ്പാക്കാതെ ക്വാർട്ടേഴ്സ് പണിയാൻ നടത്തിയ നീക്കമാണ് പാളിയത്.
മിച്ചഭൂമിയായി ഏറ്റെടുത്ത് വിതരണം ചെയ്യപ്പെടാതെ കിടന്ന സ്ഥലം കേരള വനനിയമം വന്നതോടെ വനം വകുപ്പ് നിക്ഷിപ്ത വനഭൂമിയിലുൾപ്പെടുത്തി ഏറ്റെടുത്തതാണിത്. ആ ഭൂമിയിൽ തന്നെ ക്വാർട്ടേഴ്സ് കെട്ടിട നിർമാണവും വനം വകുപ്പ് ആരംഭിച്ചു. മേപ്പാടി റേഞ്ചിനു കീഴിലെ മുണ്ടക്കൈ സെക്ഷനിൽപ്പെട്ടതാണീ ഭൂപ്രദേശം. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായി കേസുണ്ടായതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.
ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തികരിക്കാനായില്ല. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പ്രവൃത്തി മുടങ്ങിയതു മുതൽ വെറുതെ കിടക്കുകയാണ്. തറയും ഭിത്തിയും കെട്ടി മേൽക്കൂര കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കട്ടിലയും വാതിലുകളും വെച്ചിട്ടില്ല.
രാത്രികാലത്ത് സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇപ്പോളിവിടം. കെട്ടിടത്തിനുള്ളിൽ നിറയെ മദ്യക്കുപ്പികളും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുമാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവർ പരിസരത്തുള്ളവരുടെ ഉറക്കം കെടുത്തുന്നതായി പരാതിയുണ്ട്. രാത്രി പേടിച്ച് ആരും ഇവിടേക്കെത്തുകയുമില്ല.
വനം വകുപ്പിന് ഭൂമിയുടെ പൂർണമായ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് മുമ്പു തന്നെ കെട്ടിടം പണി ആരംഭിച്ചു എന്നാണ് ലഭിച്ച വിവരം. കേസ് അവസാനിച്ചിട്ടില്ലാത്തതിനാൽ കെട്ടിടം പണി മുന്നോട്ടു കൊണ്ടുപോകാനായില്ല. മുടക്കിയ ലക്ഷങ്ങൾ പാഴാവുകയും ചെയ്തു. കെട്ടിടം ജീർണാവസ്ഥയിലായതിനാൽ ഇനി പണി പൂർത്തീകരിക്കാനും കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.