ശേഖരിച്ചിട്ട് നാലുമാസം; ദുരിതാശ്വാസ വസ്തുക്കളുടെ വിതരണം തുടങ്ങി
text_fieldsമേപ്പാടി: നാടിനെ നടുക്കിയ ജൂലൈ 30ലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ തലത്തിൽ ശേഖരിച്ച സഹായവസ്തുക്കൾ ഒടുവിൽ അതിജീവിതരുടെ കൈകളിലേക്ക്. ദുരന്തം നടന്നതിന് തൊട്ടുടനെ കൽപറ്റ സെന്റ്ജോസഫ് സ്കൂളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കലക്ഷൻ സെന്റർ ഒരുക്കിയിരുന്നു. എല്ലാ സഹായവസ്തുക്കളും ഈ കേന്ദ്രം വഴിയാണ് എത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രിയടക്കം അറിയിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ടൺകണക്കിന് വസ്തുക്കൾ ഇവിടെയെത്തിയത്. എന്നാൽ, ദുരന്തം കഴിഞ്ഞ് നാലുമാസം പിന്നിടുമ്പോഴാണ് ഇവ അതിജീവിതരുടെ കൈകളിൽ എത്തുന്നത്. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം മേപ്പാടി ഗവ. ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ആയിരത്തിൽപ്പരം ആളുകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുമെന്നാണ് റവന്യൂ വകുപ്പധികൃതർ പറയുന്നത്. കൽപറ്റ കേന്ദ്രത്തിൽനിന്ന് സാധനങ്ങൾ പിന്നീട് മീനങ്ങാടിയിലെ സ്റ്റേറ്റ് വെയർ ഹൗസിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നു. ഈ സാധനങ്ങളാണ് നിലവിൽ ദുരന്ത ബാധിതർക്ക് വിതരണം ചെയ്തുതുടങ്ങിയത്.
ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച മേപ്പാടി ഗ്രാമപഞ്ചായത്ത് 10,11,12 വാർഡുകളിലുള്ള കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സാധനങ്ങൾ വിതരണം ചെയ്യുന്നത്. അരി, വസ്ത്രങ്ങൾ, പായ, ചെരിപ്പ്, പുതപ്പുകൾ, പാത്രങ്ങൾ തുടങ്ങിയ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ടി.ഡി.ആർ.എഫ് ടീം അംഗങ്ങൾ, ആശാ വർക്കർമാർ എന്നിവർക്കാണ് വിതരണ ചുമതല. മുൻകൂറായി ടോക്കൺ ലഭിച്ചവർക്കാണ് സാധനങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.