നാലു വയസ്സുകാരന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
text_fieldsമേപ്പാടി (വയനാട്): നാലു വയസ്സുകാരൻ ആദിദേവിന്റെ കൊലപാതകത്തിന്റെ അന്വേഷണം പൂർത്തിയാക്കി കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 നവംബർ 17നാണ് നത്തംകുനി പാറക്കൽ വീട്ടിൽ ജയപ്രകാശ്-അനില ദമ്പതിമാരുടെ നാലു വയസ്സുകാരൻ മകൻ ആദിദേവിനെ അയൽവാസി ജിതേഷ് (45) വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്.
കുട്ടിയുടെ അച്ഛനമ്മമാരുമായുണ്ടായ വഴക്കിന് പ്രതികാരമായാണ് അമ്മയോടൊപ്പം രാവിലെ അംഗൻവാടിയിൽ പോവുകയായിരുന്ന കുട്ടിയെ പൊതുവഴിയിൽവെച്ച് ദാരുണമായി വെട്ടിക്കൊന്നത്. സംഭവത്തിൽ അമ്മ അനിലക്കും ഗുരുതര പരിക്കേറ്റിരുന്നു.
75 സാക്ഷികളുള്ള കേസിൽ ശാസ്ത്രീയ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുനൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിനിടയിൽ പ്രതിയുടെ ഫോണിൽനിന്നും ‘കുട്ടിയെ കൊന്ന് മാതാപിതാക്കളോട് പകരം ചോദിക്കും’ എന്ന് പ്രതി പറയുന്ന വോയിസ് ക്ലിപ്പും പ്രതിയുടെ ശരീരത്തിൽനിന്നും കണ്ടെടുത്ത മരിച്ച കുട്ടിയുടെ രക്തത്തുള്ളികളും നിർണായക തെളിവുകളാകും.
ഫോറൻസിക് വോയിസ് കമ്പാരിസൺ, ഡി.എൻ.എ പ്രൊഫൈലിങ് എന്നിവ അടക്കം നൂതന ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന് 81ാം ദിവസമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്. മേപ്പാടി സി.ഐ എ.ബി. വിപിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മേപ്പാടി പൊലീസ് സ്റ്റേഷൻ എസ്.ഐ സിറാജ്, എസ്.സി.പി.ഒമാരായ നജീബ്, മുജീബ്, നൗഫൽ, പ്രശാന്ത്, ഷബീർ, ഗിരിജ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.