കണ്ണിൽനിന്ന് 10 സെ.മീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്തു
text_fieldsമേപ്പാടി: ആറും 10ഉം സെന്റിമീറ്റർ നീളമുള്ള രണ്ട് വിരകളെ കണ്ണിൽനിന്ന് വിജയകരമായി നീക്കം ചെയ്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്. കണ്ണിൽ അസ്സഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73കാരിയുടെ കണ്ണിൽനിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽപെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസി. പ്രഫസർ ഡോ. ഫെലിക്സ് ലാലും സംഘവും പുറത്തെടുത്തത്. ഇന്ത്യയിൽ ആദ്യമായി 1977ൽ കേരളത്തിലാണ് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ വിരകളുടെ മുട്ടകൾ സാധാരണയായി നായ്ക്കളുടെ പുറത്താണ് കണ്ടുവരുന്നത്. കൊതുക് ഈ നായ്ക്കളെ കടിക്കുമ്പോൾ വിരകൾ അവയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കൊതുകിന്റെ ശരീരത്തിനകത്ത് വിരകൾ രണ്ട് ഘട്ടം വരെ വളരും.
മൂന്നാംഘട്ട വളർച്ചയുടെ സമയത്താണ് കൊതുക് വിരയെ മറ്റുള്ളവരിലേക്ക് കൈമാറുന്നത്. വിരയുടെ സാന്നിധ്യമുള്ള ഈ കൊതുകുകൾ കടിക്കുന്ന ആളിലേക്ക് വിരയുടെ ലാർവ കൈമാറ്റം ചെയ്യപ്പെടുകയും തുടർന്ന് മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഈ ലാർവ സഞ്ചരിച്ച് അവിടെ വളരുകയുമാണ് ചെയ്യാറ്. കൊതുകിന്റെ ഒറ്റത്തവണ കടിയിൽതന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോ. ഫെലിക്സ് ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.