മഴ തുടരുന്നു, വീടുകള്ക്ക് നാശം
text_fieldsമാൻകുന്നുകാർക്ക് മഴക്കാലം ദുരിതകാലം
മേപ്പാടി: മഴ പെയ്താൽ മൂപ്പനാട് നിന്ന് മാൻകുന്നിലേക്കുള്ള റോഡിലെ വെള്ളം മുഴുവൻ മാൻകുന്നിലെ വീട്ടു മുറ്റത്തേക്കൊഴുകും. ഇതിന്റെ ദുരിതം അനുഭവിക്കുകയാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾ. ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും തകർന്നിട്ട് വർഷങ്ങളായി.
മഴ പെയ്താൽ റോഡ് തോടിന് സമാനമാകുന്നു. അടഞ്ഞുകിടക്കുന്ന ഓവുചാൽ നിറഞ്ഞു കവിഞ്ഞ് മഴവെള്ളം വീടുകളിലേക്കെത്തുന്നു. വെള്ളം ഒഴുകിയെത്തി പ്രദേശത്തെ 20 ഓളം കിണറുകളും മലിനമാകുന്നു. അടുത്ത നാളുകളിലായി റോഡിന്റെ ഒരു ഭാഗം പൊളിച്ച് ജലജീവൻ മിഷൻ പദ്ധതി പൈപ്പുകളിടുകയും ചെയ്തതോടെ ചെളിവെള്ളം ഒഴുകി വീടുകളിലേക്കെത്തുന്നതിന്റെ ദുരിതം ഇരട്ടിച്ചു. റോഡിന്റെ ഒരു വശം തേയിലത്തോട്ടമാണ്. അവിടെ നിന്ന് മണ്ണിടിഞ്ഞ് വീണ് റോഡരികിലെ ഓവുചാൽ പലയിടത്തും അടഞ്ഞു കിടക്കുകയാണ്.
അതിലെ വെള്ളം നിറഞ്ഞ് കവിഞ്ഞ് മറുവശത്തെ വീടുകളിലേക്കൊഴുകി എത്തുകയാണ്. വലിയ കുഴികൾ നിറഞ്ഞ റോഡിലൂടെ വാഹന ഗതാഗതം ദുഷ്ക്കരമായിരിക്കുകയാണ്. റോഡ് നന്നാക്കുകയും ഡ്രെയിനേജ് നിർമിക്കുകയും വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഗ്രാമ പഞ്ചായത്തധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശത്തെ നന്മ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
മേപ്പാടി: താഴെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കുള്ള റോഡിൽ മരം പൊട്ടി വീണ് ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ ചൂരൽമല കാരുണ്യ റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. ചൂരൽമല കാരുണ്യ റെസ്ക്യൂ ടീം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. മുസ്തഫയുടെ നേതൃത്വത്തിലുള്ള കാരുണ്യ ടീം അംഗങ്ങളാണ് രാത്രിയും ദൗത്യം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.