അമ്മ പോയി, അച്ഛൻ അറസ്റ്റിലും; നൊമ്പരമായി നാലു വയസ്സുകാരൻ
text_fieldsമേപ്പാടി: അമ്മ കൊല്ലപ്പെട്ടു കിടക്കുമ്പോൾ ഉച്ചത്തിൽ കരയുകയായിരുന്നു ആ നാലു വയസ്സുകാരൻ. അവനെയുംകൊണ്ട് ധിറുതിയിൽ സ്ഥലംവിടാനുള്ള പിതാവിന്റെ നീക്കമാണ് ആ കൊലപാതക വിവരം പുറത്തറിയാൻ ഇടയാക്കിയത്. കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി വിമല (28) കാപ്പിക്കളത്തിനോടു ചേർന്ന കെട്ടിടത്തിനുള്ളിൽ തലക്കടിയേറ്റു മരിച്ച സംഭവം കുന്നമ്പറ്റയെ ഞെട്ടിച്ചു. ഭർത്താവ് സാലിവൻ ജാഗിരിയാണ് ക്രൂരകൃത്യം ചെയ്തത്.
അമ്മ കൊല്ലപ്പെടുകയും പിതാവ് പൊലീസ് പിടിയിലാവുകയും ചെയ്തതോടെ ഇവരുടെ നാലു വയസ്സുകാരൻ മകൻ നൊമ്പരക്കാഴ്ചയായി. മരിച്ച യുവതിയുടെ അമ്മാവൻ കൽപറ്റ കോഫി ബോർഡിൽ വാച്ചറായി ജോലി ചെയ്യുന്നുണ്ട്. സ്ഥലത്തെത്തിയ ഇയാൾ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. ആ ഉറപ്പിൽ പൊലീസ് കുട്ടിയെ അമ്മാവനൊപ്പം അയക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പ് കുന്നമ്പറ്റയിലെ കാപ്പിത്തോട്ടത്തിൽ ജോലിക്കെത്തുംമുമ്പ് ദമ്പതികൾ മീനങ്ങാടിയിൽ കാപ്പി പറിക്കുന്ന ജോലി ചെയ്തിരുന്നു. ഇരുവരുടെയും ബന്ധുക്കൾ വയനാട്ടിൽ വിവിധ തോട്ടങ്ങളിൽ ജോലി ചെയ്തുവരുന്നുണ്ട്. ചിലർ സംഭവസ്ഥലത്ത് എത്തിയിട്ടുമുണ്ട്.
കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്തെന്ന് അറിവായിട്ടില്ല. തലക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച തൂമ്പ മൃതദേഹത്തിനടുത്തുതന്നെ കിടക്കുന്നുണ്ട്. തറയിൽ രക്തം തളംകെട്ടിക്കിടക്കുന്നുമുണ്ട്. പൊലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ, കൽപറ്റ ഡി.വൈ.എസ്.പി എം.ഡി. സുനിൽ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.