നിർധന ദമ്പതികൾക്ക് സ്വന്തമായൊരു വീട് സ്വപ്നങ്ങളിൽ മാത്രം
text_fieldsമേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് 16ാം വാർഡിൽെപട്ട ഇല്ലിച്ചുവട് പള്ളിപ്പറമ്പിൽ ഹനീഫ-ബീയാത്തൂട്ടി ദമ്പതികളുടെ നിർധന കുടുംബത്തിന് സ്വന്തമായൊരു വീട് എന്നത് സ്വപ്നംമാത്രമായി അവശേഷിക്കുന്നു. ബീയാത്തൂട്ടിയുടെ കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലെ താൽക്കാലിക ഷെഡിലാണ് 22 വർഷമായി ഇവർ താമസിക്കുന്നത്. പി.എം.എ.വൈ, കേരള സർക്കാറിന്റെ ലൈഫ് ഭവന പദ്ധതികളുടെ അർഹത ലിസ്റ്റിൽ പേരുൾപ്പെട്ടിട്ടുണ്ടെങ്കിലും കൈവശമുള്ള ഭൂമിക്ക് രേഖയില്ലാത്തതിനാൽ അവ ലഭിക്കാതെ പോകുന്നു.
വനം വകുപ്പ് 1977നു ശേഷമുള്ള വനഭൂമി കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് കുടുംബത്തിന്റെ സ്വപ്നം കെടുത്തുന്നത്. 1977നും നിരവധി വർഷങ്ങൾക്കു മുമ്പ് ഭൂമി കൈവശം വെക്കുന്ന കുടുംബമാണ് ബീയാത്തൂട്ടിയുടേത്. അത് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും വനം വകുപ്പ് തടസ്സവാദമുന്നയിക്കുന്നു എന്നതാണ് പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഭൂമിയുടെ രേഖ നൽകാൻ കഴിയാതായതോടെ ലൈഫ്, പി.എം.എ.വൈ പദ്ധതിക്ക് ഇവർക്ക് യോഗ്യതയില്ലാതാവുകയായിരുന്നു.
കലക്ടർ, വനം വകുപ്പ് ഉന്നതാധികാരികൾ എന്നിവർ കനിഞ്ഞാലേ ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് മറച്ച ഷെഡ്ഡിൽനിന്ന് ഇവർക്ക് മോചനമുണ്ടാവുകയുള്ളൂ. നെടുമ്പാല, കേട്ടകാളി, ഇല്ലിച്ചുവട് പ്രദേശങ്ങളിലായി 80ൽപരം കുടുംബങ്ങൾ ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഭൂമി കൈവശമുണ്ടെന്നതിന് ഇവർക്ക് രേഖ ലഭിക്കില്ല. അക്കാരണത്താൽ സർക്കാർ ആനുകൂല്യങ്ങൾ ഇവർക്ക് വർഷങ്ങളായി കിട്ടാക്കനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.