നൂറു കണക്കിന് ജീവിതങ്ങളാണ് ആ ഫയലുകൾ; ആനുകൂല്യങ്ങൾക്കായി തോട്ടം തൊഴിലാളികളുടെ കാത്തിരിപ്പ്
text_fieldsമേപ്പാടി: വിവിധ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാകാതെ കിടക്കുന്നത് തോട്ടം തൊഴിലാളികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ നൂറു കണക്കിന് കേസുകൾ 20 വർഷത്തിലധികമായി കോഴിക്കോട് ഡെപ്യൂട്ടി ലേബർ കമീഷണർ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ ഉൾപ്പെടെയാണിത്. 2002 മുതലുള്ള കേസുകളാണ് ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തീർപ്പാക്കാതെ കിടക്കുന്നത്.
നിരവധി കുടുംബങ്ങളുടെ ജീവിതങ്ങളാണ് ആ ഫയലുകൾ. അതിൽ തീരുമാനമെടുക്കേണ്ടതും തീർപ്പു കൽപിക്കേണ്ടതും ഏതെങ്കിലും കോടതികളോ, മജിസ്ട്രേറ്റുമാരോ ജഡ്ജിമാരോ അല്ല. വർഷങ്ങളോളം നീണ്ടു പോകാറുള്ള സിവിൽ കേസുകളോ വ്യവഹാരങ്ങളോ അല്ല ഇവയൊന്നും.
തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരാണിവർ. അവർ തക്ക സമയത്ത് തീരുമാനമെടുക്കുന്നതിൽ അലംഭാവം കാണിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്നതു കാരണമാണ് കേസുകൾ കെട്ടിക്കിടക്കുന്നത്. തൊഴിലാളികൾക്ക് ലഭിക്കേണ്ട നീതി ഇത്തരത്തിൽ നിഷേധിക്കപ്പെടുമ്പോൾ അത് തൊഴിലുടമകളെ സഹായിക്കുന്നതിന് തുല്യമായിത്തീരുന്നു.
വൈകി എത്തുന്ന നീതിനിഷേധത്തിന് തുല്യമാണെന്ന കോടതി നിരീക്ഷണം ഇവിടെയും പ്രസക്തമാവുകയാണ്.
തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണാൻ സർക്കാർ തയാറാകണമെന്നും 20 വർഷത്തിലധികമായി കെട്ടിക്കിടക്കുന്ന കേസുകളിൽ തീരുമാനമുണ്ടാക്കണമെന്നുമുള്ള ആവശ്യം ജില്ലയിലെ ചില ട്രേഡ് യൂനിയനുകളും ഉന്നയിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ഇത്തരത്തിൽ നിഷേധിക്കപ്പെടുന്നത്.
തർക്കങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ജില്ലയിൽ നടത്തിയിരുന്ന ക്യാമ്പ് സിറ്റിങ് പോലും വർഷങ്ങളായി നിർത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
പരാതികളെത്തുടർന്ന് ഏറെക്കാലത്തിനു ശേഷം അടുത്തമാസം ഒന്നാം തീയതി കൽപറ്റയിൽ ക്യാമ്പ് സിറ്റിങ് നടത്തുന്നതാണെന്ന വിവരം ലഭിച്ചതായി ട്രേഡ് യൂനിയൻ നേതാക്കൾ പറയുന്നു.
തൊഴിലാളി -തൊഴിലുടമ തർക്കങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സർക്കാർ തൊഴിൽ വകുപ്പ് രൂപവത്കരിച്ചത്. തർക്കപരിഹാരത്തിനുള്ള ചർച്ചകൾ നടത്തുക, വിഷയങ്ങളിൽ തീർപ്പ് കൽപിക്കുക മുതലായ ചുമതലകൾ നിർവഹിക്കുന്നതിനുള്ള ലേബർ കോടതികളായിട്ടാണ് ലേബർ കമീഷണർമാർ പ്രവർത്തിക്കേണ്ടത്. 2015ൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അധികാരം സർക്കാർ പുനർനിർണയിച്ചു.
ഗ്രാറ്റ്വിറ്റി പോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ജില്ല ലേബർ ഓഫിസറിൽ നിന്നെടുത്തു മാറ്റി ലേബർ കമീഷണർമാർക്ക് നൽകി.
വയനാട്, കോഴിക്കോട് ജില്ലകളിലെ ഗ്രാറ്റ്വിറ്റി കേസുകൾ കൈകാര്യം ചെയ്യേണ്ട ചുമതല കോഴിക്കോട് ഡെപ്യൂട്ടി ലേബർ കമീഷണർക്ക് നൽകി. റീജനൽ ലേബർ കമീഷണറെ അപ്പീൽ അതോറിറ്റിയായും നിശ്ചയിച്ചു.
കേസുകൾ സംബന്ധിച്ച് അതുവരെ ജില്ല ലേബർ ഓഫിസിലുണ്ടായിരുന്ന ഫയലുകൾ ഡെപ്യൂട്ടി ലേബർ കമീഷണർ ഓഫിസിലേക്ക് മാറ്റി.
വർക്ക്മെൻ കോമ്പൻസേഷൻ എന്നത് എംപ്ലോയീസ് കോമ്പൻസേഷൻ എന്ന് സർക്കാർ പുനർനിർവചിച്ചതും 2015ലാണ്. 2002 മുതലുള്ള കേസുകളാണ് ഇങ്ങനെ തീരുമാനമാകാതെ കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.