ഈ റോഡിൽ വിത്തിട്ടാൽ ‘നൂറുമേനി വിളവ്’
text_fieldsമേപ്പാടി: മഴ പെയ്താൽ മേപ്പാടി പഞ്ചായത്ത് മൂന്നാം വാർഡ് കുഴിവയലിലെ കോളിപ്പുര, താനിപ്പുര കോളനികളിലേക്കെത്താൻ ചളിയിലൂടെ നീന്തണം. 15 ഓളം ആദിവാസി കുടുംബങ്ങൾ പതിറ്റാണ്ടുകളായി ജീവിച്ചു വരുന്ന കോളനികളിലേക്ക് എത്താൻ റോഡില്ല എന്നത് അവഗണനയുടെ നേർക്കാഴ്ചയാകുന്നു.
90 കഴിഞ്ഞ വയോധികർ, രോഗികൾ, ഭിന്നശേഷിക്കാർ, വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ എല്ലാം അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കോളനികളിലുമുണ്ട്.
700 മീറ്ററോളം ദൈർഘ്യമുള്ള വയലിന് നടുവിലൂടെയുള്ള മണ്ണ് റോഡാണ് പതിറ്റാണ്ടുകളായി നിലവിലുള്ളത്. മഴ പെയ്താൽ റോഡിൽ മുട്ടോളം ചെളിയാണ്. അതിലൂടെ നീന്തി വേണം കോളനിയിലെത്താൻ. സ്കൂളിൽ പോകേണ്ട പിഞ്ചു കുട്ടികൾക്ക് ഇതുവഴി നടന്നു പോകാനാവില്ല. രക്ഷിതാക്കൾ അവരെ എടുത്തുകൊണ്ട് 700 മീറ്റർ നടന്ന് കുഴി വയലിലെ പ്രധാന റോഡിലെത്തിച്ചാണ് വാഹനത്തിൽ കയറ്റി വിടുന്നത്. തിരികെ വരുമ്പോഴും ഇതാണ് അവസ്ഥ. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ കസേരയിലിരുത്തി ചുമന്ന് വേണം പ്രധാന റോഡിലെത്തിക്കാൻ.
പഞ്ചായത്തിനോ, പട്ടിക വർഗ ക്ഷേമ വകുപ്പിനോ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ചെറിയ റോഡ് സോളിങ് ചെയ്യാൻ കഴിഞ്ഞില്ല. അധികൃതർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന പരാതി കോളനിക്കാർക്കുണ്ട്. തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി ഇവരെ സമീപിക്കുന്ന രാഷ്ട്രീയക്കാരെല്ലാം കാര്യം കഴിയുമ്പോൾ തിരിഞ്ഞുനോക്കാറില്ലെന്നാണ് ഇവർ പറയുന്നത്. ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കണമെന്നതാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.