അന്തർ സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് പാടികളിൽ ദുരിതജീവിതം
text_fieldsമേപ്പാടി: എച്ച്.എം.എൽ അട്ടമല ഡിവിഷൻ പാടികളിൽ താമസിക്കുന്ന അന്തർ സംസ്ഥാനത്തൊഴിലാളികളുടെ ജീവിതം ദുരിതമയം. അട്ടമല ഡിവിഷനിൽ താമസിച്ച് ജോലി ചെയ്യുന്ന 50 ഓളം അന്തർ സംസ്ഥാനത്തൊഴിലാളി കുടുംബങ്ങൾക്കാണ് കാട്ടാന ആക്രമണത്തോടൊപ്പം സാമൂഹിക ദ്രോഹികളുടെ ശല്യവും സഹിക്കേണ്ടി വരുന്നത്. വിജനമായ പ്രദേശത്തുള്ള പാടികളിലാണ് ഇവർ താമസിക്കുന്നത്.
രാത്രി കാലങ്ങളിൽ പാടികളിലെത്തുന്ന സാമൂഹികദ്രോഹികൾ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. താരതമ്യേന വിജനമായ പ്രദേശത്തുള്ള പാടികളിൽ പൂർണമായും അതിഥിത്തൊഴിലാളികളാണുള്ളത്. തദ്ദേശീയരായ തൊഴിലാളി കുടുംബങ്ങളൊക്കെ മറ്റ് പ്രദേശങ്ങളിലുള്ള പാടികളിലാണ് താമസിക്കുന്നത്.
രാത്രി കാട്ടാനകൾ പാടി മുറികളുടെ വാതിൽ തകർത്ത് അകത്തു കയറി ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഭക്ഷിക്കുന്നത് പതിവാണ്.
ഒറ്റപ്പെട്ട പ്രദേശത്ത് രാത്രികാലങ്ങളിലെത്തുന്ന സാമൂഹിക ദ്രോഹികളിൽ നിന്നും കാട്ടാന ആക്രമണത്തിൽ നിന്നുമുള്ള രക്ഷക്കായി ഇവരെ സുരക്ഷിത പാടികളിലേക്ക് മാറ്റിപാർപ്പിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.