കാപ്പംകൊല്ലി-കൽപറ്റ റോഡരിക് കോൺക്രീറ്റിങ്ങിൽ ക്രമക്കേടെന്ന്
text_fieldsമേപ്പാടി: കാപ്പംകൊല്ലി മുതൽ കൽപറ്റ വരെയുള്ള ഒമ്പതു കി.മീറ്റർ റോഡിനിരുവശവും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയിൽ വൻ ക്രമക്കേട് നടക്കുന്നതായി ആക്ഷേപം. 10 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, കാപ്പംകൊല്ലി മുതൽ പ്രവൃത്തി അഞ്ചു സെന്റിമീറ്റർപോലും കനത്തിലല്ല നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം. കരാറുകാർ പ്രവൃത്തി നടത്തുമ്പോൾ പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടം വേണമെന്നിരിക്കെ അതുണ്ടാകുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
അസി. എൻജിനീയറെ ചിലർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 10 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യണമെന്നാണ് എസ്റ്റിമേറ്റിലുള്ളതെന്ന് അദ്ദേഹവും സമ്മതിക്കുന്നു. റോഡ് വശങ്ങളിൽ പാറ, കുടിവെള്ള പൈപ്പുകൾ എന്നിവ ഉള്ളിടത്ത് 10 സെന്റിമീറ്റർ എന്നത് പാലിക്കാൻ കഴിയാതെ വരാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രവൃത്തി നടത്തിയ ഭാഗങ്ങളിൽ ഇത്തരം പ്രശ്നമില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ എൻജിനീയർക്കും വ്യക്തമായ മറുപടിയില്ല. പ്രവൃത്തി നടക്കുന്നിടത്ത് ജനങ്ങൾ ആവശ്യപ്പെട്ടാൽ എസ്റ്റിമേറ്റിന്റെ കോപ്പി ലഭ്യമാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇവിടെ അതും ലഭ്യമല്ല. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് അധികാരികൾക്കുള്ളത്. ഇതാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടക്കുന്നതെന്ന് ആക്ഷേപമുയരാൻ കാരണം.
മൂന്ന് അടി വീതം വീതിയിൽ ഒമ്പതു കിലോമീറ്റർ നീളത്തിൽ റോഡിന് ഇരുവശത്തും നടത്തുന്ന പ്രവൃത്തിയിൽ അഞ്ചു സെന്റിമീറ്റർ കനത്തിൽ കുറവ് വരുത്തിയാൽ ലക്ഷങ്ങളാണ് വെട്ടിക്കാനാവുക. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.