മൂന്നു വർഷം; മേപ്പാടി ടൗൺ ഹാൾ അടഞ്ഞ് തന്നെ
text_fieldsമേപ്പാടി: മുൻ ഭരണസമിതിയുടെ കാലത്ത് 28 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ ചെയ്ത മേപ്പാടി പഞ്ചായത്ത് ടൗൺ ഹാൾ മൂന്ന് വർഷത്തോളമായി ആർക്കും പ്രയോജനമില്ലാതെ താഴിട്ട് പൂട്ടിയ നിലയിൽ. വിവാഹം പോലുള്ള എന്തെങ്കിലും ചടങ്ങുകൾ നടത്തണമെങ്കിൽ 25,000 രൂപ മുതൽ 40,000 രൂപ വരെ ദിവസ വാടക നൽകി സ്വകാര്യ ഓഡിറ്റോറിയങ്ങൾ എടുക്കേണ്ട ഗതികേടിലാണ് സാധാരണ ജനങ്ങൾ. മേപ്പാടിയിൽ 2000 വർഷത്തിൽ ഗവ. പോളിടെക്നിക് കോളജ് അനുവദിച്ചതു മുതൽ ടൗൺഹാൾ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. താഞ്ഞിലോട് പുതിയ കെട്ടിടം നിർമിച്ചതു മുതൽ പോളി പ്രവർത്തനം അവിടേക്ക് മാറ്റി. തുടർന്നാണ് മുൻ എൽ.ഡി.എഫ് ഭരണസമിതി കെട്ടിടം അറ്റകുറ്റപ്പണികൾ ചെയ്ത് ഇ.എം.എസ് സ്മാരക ടൗൺ ഹാൾ എന്ന് നാമകരണം ചെയ്തത്. ഇ.എം.എസിെൻറ പേരു നൽകിയതിനെക്കുറിച്ച് അന്ന് വിമർശനങ്ങളുമുണ്ടായി. പുതിയ യു.ഡി.എഫ്.ഭരണസമിതി അധികാരത്തിൽ വന്ന് ഒന്നര വർഷമായിട്ടും ടൗൺഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ തയാറായിട്ടില്ല.
ഇ.എം.എസിെൻറ പേര് നൽകിയതിനാലാണ് ഭരണസമിതി താൽപര്യം കാണിക്കാത്തതെന്ന തരത്തിൽ വിമർശനവുമുയരുന്നുണ്ട്. തറ, ശൗചാലയം എന്നിവയുടെ പ്രവൃത്തി ചെയ്യാൻ ബാക്കി നിൽക്കുകയാണെന്നും അതുകൂടി പൂർത്തീകരിച്ച ശേഷമേ ഹാൾ തുറന്നു കൊടുക്കാൻ കഴിയൂ എന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. ഹാൾ പൂട്ടിക്കിടക്കുന്നതു കാരണം ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിന് പുറമെ ലഭിക്കേണ്ട വാടകയിനത്തിൽ ലക്ഷങ്ങൾ ഇതിനകം പഞ്ചായത്തിന് നഷ്ടവുമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.