മഴ പെയ്താൽ നാൽപ്പത്താറ് കവല അപകട മേഖല
text_fieldsമേപ്പാടി: ഓവുചാൽ ഉണ്ടെങ്കിലും പല ഭാഗത്തും അടഞ്ഞുകിടക്കുന്നത് കാരണം മഴ പെയ്താൽ വെള്ളവും ചളിയും ഹൈവേയിൽ കെട്ടിക്കിടന്ന് മേപ്പാടി - ചുണ്ടേൽ റോഡിൽ കോട്ടനാട് 46 ജങ്ഷൻ അപകട മേഖലയായി മാറുന്നു. റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ കുരുങ്ങി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായി. പുഴമൂല, കാപ്പിക്കാട് ഭാഗത്തു നിന്നുള്ള റോഡ് ഹൈവേയിലേക്ക് വന്നുചേരുന്ന ഭാഗത്താണ് അപകടങ്ങൾ നടക്കുന്നത്. ഓവുചാൽ പലേടത്തും അടഞ്ഞു കിടക്കുന്നതിനാൽ മഴ വെള്ളവും ചളിയും ഒഴുകി വന്ന് റോഡിൽ കെട്ടിക്കിടക്കുന്നു. ഹൈവേ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ഓവുചാലും ഇരു ഭാഗത്തും അടഞ്ഞ നിലയിലാണ്. ഏറെ തിരക്കുള്ള റോഡിലൂടെ വരുന്ന ഇരുചക്രവാഹനങ്ങൾ ചളി വെള്ളത്തിൽ പുതഞ്ഞ് മറിഞ്ഞുവീണ് അപകടം പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടഞ്ഞുകിടക്കുന്ന ഓവു ചാലുകൾ തുറന്നു കൊടുക്കാൻ ഗ്രാമപഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് ആവശ്യം.
കുഴികൾ നിറഞ്ഞ് നഗരത്തിലെ സത്രംകുന്ന് റോഡ്
സുൽത്താൻ ബത്തേരി: കുഴികൾ നിറഞ്ഞ് നഗരത്തോട് ചേർന്ന് കിടക്കുന്ന സത്രംകുന്ന് റോഡ്. കാൽനടക്കാരും വാഹനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുമ്പോൾ റോഡ് നന്നാക്കാനുള്ള നടപടികളൊന്നും ഉണ്ടാവുന്നില്ല. റോഡിന്റെ തുടക്കത്തിലാണ് ഏറെ പരിതാപകരായ അവസ്ഥയുള്ളത്. വലിയ കുഴികളാണ് ഇവിടെയുള്ളത്. ചെറിയ വാഹനങ്ങൾ ഈ കുഴിയിൽ കുടുങ്ങുമ്പോൾ ഗതാഗത തടസ്സം ഉണ്ടാകുന്നു. ദേശീയപാതയിലേക്കും തടസ്സം നീളും. റോഡിന്റെ തുടക്കത്തിലുള്ള കുഴിയെങ്കിലും നികത്താൻ അധികൃതർ തയാറാകണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
ദേശീയപാതയിൽ വൻ മരം വീണു ഗതാഗത തടസ്സം
സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ സുൽത്താൻ ബത്തേരി മൈസൂരു റോഡിൽ മുത്തങ്ങയിൽ മരം വീണു ഗതാഗത തടസ്സം. ഞായറാഴ്ച രാവിലെയാണ് വൻ മരം കടപുഴകി വീണത്. തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്നും അഗ്നിരക്ഷ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.