തേയില അവശിഷ്ടങ്ങൾക്ക് സമം ഇവരുടെ ജീവിതം; വിരമിക്കൽ ആനുകൂല്യം ലഭിക്കാതെ മരിച്ചുപോയ തൊഴിലാളികൾ നിരവധി
text_fieldsമേപ്പാടി: നമ്മുടെ കൈകളിലെത്തുന്ന ആവി പറക്കുന്ന ഓരോ കപ്പ് ചായക്കു പിന്നിലും തേയിലത്തോട്ടം തൊഴിലാളികളുടെ നെടുവീർപ്പും കണ്ണുനീരും ഉണ്ട്. ചായയുണ്ടാക്കി നാം അവശേഷിപ്പിക്കുന്ന തേയില അവശിഷ്ടത്തിനു സമം തന്നെയാന്ന് അവരുടെ ജീവിതവും. ഗുണമെല്ലാം 'പെരിയവർ' ഊറ്റിയതിനുശേഷം പുറന്തള്ളുന്ന 'അവശിഷ്ടങ്ങൾ'.
35ഉം 40ഉം വർഷം എച്ച്.എം.എല്ലിെൻറ മേപ്പാടി ഡിവിഷനുകളിൽ ജോലിചെയ്ത് വിരമിക്കൽ ആനുകൂല്യം ലഭിക്കാതെ മരിച്ചുമണ്ണടിഞ്ഞ തൊഴിലാളികൾ നിരവധിയാണ്. അവരുടെ ബന്ധുക്കളാണ് ആ കഥകൾ വിവരിക്കാൻ ഇന്ന് ഇവിടെ അവശേഷിക്കുന്നത്. നെടുമ്പാല ഡിവിഷനിൽത്തന്നെ ജോലിയിൽനിന്ന് പിരിഞ്ഞ് ആനുകൂല്യത്തിന് എഴുതിക്കൊടുത്തെങ്കിലും തുച്ഛമായ പണംപോലും ലഭിക്കാതെ മരിച്ച ആറു പേരുണ്ട്. 10 വർഷം മുമ്പ് വിരമിക്കുകയും ആനുകൂല്യം ലഭിക്കാതെ മരിച്ചുപോവുകയും ചെയ്ത തൊഴിലാളിയാണ് മാദേവൻ. ഇവരുടെ ഭാര്യയും മകനും നെടുമ്പാലയിൽ ഇപ്പോഴുമുണ്ട്. വിരമിക്കൽ ആനുകൂല്യം ലഭിക്കാത്ത 14 പേരെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.
കമ്പനി ഭൂമി കൈവശം വെച്ചിരിക്കുന്നു എന്നതാണ് ഇവരുടെയൊക്കെ പേരിൽ ആരോപിക്കുന്ന കുറ്റം. ഗ്രാറ്റിവിറ്റി ആനുകൂല്യം നൽകണമെന്ന് ഇവർക്ക് അനുകൂലമായി വന്ന ലേബർ കോടതി വിധികൾ നിലനിൽക്കുമ്പോഴാണിത്. പേക്ഷ, വിധികൾ നടപ്പാക്കപ്പെടുന്നില്ല. ലേബർ കോടതി വിധിക്കെതിരെ കമ്പനി ഹൈകോടതിയിൽ അപ്പീൽ നൽകുന്നതോടെ ഒട്ടുമിക്ക തൊഴിലാളികളും കേസ് നടത്താൻ വഴിയില്ലാതെ പിൻവാങ്ങുകയാണ്. 1991-92 കാലത്ത് മുംബൈയിലേക്ക് പോയ നെടുമ്പാല ഡിവിഷനിലെ യു. ഹംസ അവിടെവെച്ച് മരിച്ചു. മരണംവരെ ആനുകൂല്യം ലഭിച്ചില്ല. നെടുമ്പാല ഡിവിഷനിലെതന്നെ സുഗന്ധി, ലക്ഷ്മി എന്നിവരൊക്കെ അങ്ങനെ ലോകത്തോട് വിട പറഞ്ഞവരാണ്. 2011ൽ വിരമിച്ച സ്വാമി കണ്ണിന് അനുകൂലമായി ജില്ല ലേബർ കോടതി വിധിയുണ്ട്. ലേബർ കമീഷണർക്ക് കമ്പനി നൽകിയ അപ്പീലും തള്ളി.
തുടർന്ന് കമ്പനി ഹൈകോടതിയിൽ അപ്പീൽ നൽകി. രണ്ടു വർഷം ലോക്കൽ തൊഴിലാളിയും 38 വർഷം സ്ഥിരം തൊഴിലാളിയുമായിരുന്ന ശെൽവത്തിനും അനുകൂലമായി ലേബർ കോടതി വിധിയുണ്ട്. പേക്ഷ, കമ്പനി കനിഞ്ഞില്ല. ഹൈകോടതിയിൽ അപ്പീൽ നൽകി തടഞ്ഞു. അവരുടെ പിതാവിെൻറ പേരിൽ കമ്പനി ഭൂമിയുണ്ടായിരുന്നു എന്നാണ് ആക്ഷേപം. രോഗികളായ ശെൽവവും ഭർത്താവും ഇന്ന് ദുരിതക്കയത്തിലാണ്. നെടുമ്പാല സ്വദേശിയായ സുന്ദരൻ 37 വർഷത്തെ സർവിസിനു ശേഷമാണ് വിരമിച്ചത്. ഗ്രാറ്റിവിറ്റിക്ക് അപേക്ഷിച്ചിട്ട് നിഷേധിക്കപ്പെട്ടു. ജില്ല ലേബർ കോടതിയും ലേബർ കമീഷണറും സുന്ദരന് അനുകൂലമായി വിധിച്ചു. പാരമ്പര്യമായി ലഭിച്ചതും രേഖകളുള്ളതുമായ ഭൂമി കമ്പനിയുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് കമ്പനി നൽകിയ സിവിൽ കേസും 24,000 രൂപ ചെലവുസഹിതം കോടതി തള്ളി.
പേക്ഷ വിരമിക്കൽ ആനുകൂല്യം ഇതുവരെ കമ്പനി നൽകിയില്ല. 1977ൽ ജോലിക്ക് കയറി 1995ൽ പിരിഞ്ഞ രാമസ്വാമി, ഭാര്യ വള്ളി എന്നിവർക്കും ഗ്രാറ്റിവിറ്റി ആനുകൂല്യം നിഷേധിക്കപ്പെട്ടു. അച്ഛൻ ഇഷ്ടദാനമായി നൽകിയ ഒരേക്കർ ഭൂമിയാണ് രാമസ്വാമിക്കുള്ളത്. വള്ളിയുടെ പേരിൽ ഒരു സെൻറ് ഭൂമി പോലുമില്ല. കമ്പനിയുടെ ഭൂമി കൈവശംവെക്കുന്നു എന്നാണ് ഇവരുടെ പേരിലുള്ള കുറ്റം. ഇങ്ങനെ നിരവധി തൊഴിലാളികളാണ് പല ഡിവിഷനുകളിലുമുള്ളത്. ഒരു സിവിൽ കേസ് നൽകുകയും അതിെൻറ മറവിൽ വിരമിക്കൽ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണ്.
പ്രശ്നം പരിഹരിക്കാൻ ഈ രംഗത്തെ ട്രേഡ് യൂനിയനുകൾക്കും കഴിയുന്നില്ല. ഇതിനു പിന്നിലുള്ള വലിയ മനുഷ്യാവകാശ പ്രശ്നം അവഗണിക്കപ്പെടുകയാണ്. തേയിലത്തോട്ടങ്ങളിൽ ജീവിതം ഹോമിച്ച തൊഴിലാളികൾ പിന്നീട് സ്വന്തമായി ഒന്നും ശേഷിക്കാതെ ദുരിതജീവിതം നയിച്ച് മണ്ണടിയുന്നു. ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സർക്കാറും നിയമസംവിധാനങ്ങളും കുറ്റകരമായ മൗനം അവലംബിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.