ഓടയിൽ ജീവിതം; തലചായ്ക്കാൻ ഇടമില്ലാതെ ബാബു
text_fieldsമേപ്പാടി: മറ്റുള്ളവർ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഓടകളിൽ ഇറങ്ങി കോരിയെടുത്ത് ഒഴിവാക്കാൻ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മേപ്പാടി ടൗണിൽ ബാബു സജീവമായി രംഗത്തുണ്ട്.
മാലിന്യം എന്തുമാകട്ടെ, പഴകിയതോ ചീഞ്ഞതോ ആകട്ടെ, ഒരു മടിയും കൂടാതെ ഓടകളുടെ സ്ലാബിനടിയിലൂടെ ഊളിയിട്ടിറങ്ങി കൈ കൊണ്ട് വാരിയെടുത്ത് ബാബു നീക്കം ചെയ്യും. പ്രതിഫലം ചോദിച്ചുവാങ്ങാറില്ല. ആരെങ്കിലും കൊടുത്താൽ വാങ്ങും. അതുകൊണ്ട് ഭക്ഷണം കഴിച്ച് എവിടെയെങ്കിലും ഉറങ്ങും.
സംസാരശേഷിക്ക് പരിമിതിയുണ്ട്.കൊച്ചുകുട്ടിയായിരിക്കെ ഊട്ടിയിൽ നിന്ന് അച്ഛ െൻറ കൈപിടിച്ച് മേപ്പാടിയിലെത്തിയതാണ് ബാബു. അച്ഛൻ ഇതേ ജോലിയാണ് ചെയ്തിരുന്നത്.
റോഡിൽ നിന്ന് ചാണകമൊക്കെ ശേഖരിച്ച് വിറ്റും ചെലവിന് പണം കണ്ടെത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് അച്ഛൻ മരിച്ചു. ബാബു ജോലിയിൽ തുടർന്നു. നാട്ടിലേക്ക് പോയിട്ടില്ല. സ്വന്തമെന്നു പറയാൻ അവിടെയും കാര്യമായി ആരുമില്ല.
മേപ്പാടിയിലെ വ്യാപാരികൾ, ടൗൺ പരിസരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ..... ബാബുവി െൻറ സഹായം സ്വീകരിക്കാത്തവർ വിരളമായിരിക്കും. അഴുക്കുചാലിനുള്ളിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുമ്പോൾ വൃത്തിയാക്കാൻ ബാബുവിനെയാണ് എല്ലാവരും വിളിക്കുക. ഒരു മടിയും കൂടാതെ ബാബു മാലിന്യം നീക്കം ചെയ്തുകൊടുക്കും.
മറ്റുള്ളവർക്ക് വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ബാബു എല്ലാം നീക്കം ചെയ്യും. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നുണ്ടെങ്കിലും അന്തിയുറങ്ങാൻ ബാബുവിന് സ്വന്തമായി കുടിൽ പോലും ഇല്ല. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദും മറ്റ് സന്നദ്ധ സംഘടന പ്രവർത്തകരും മുൻകൈയെടുത്താണ് ജീർണിച്ച പഴയ ഗവ.പോളി കെട്ടിടത്തി െൻറ അടിയിലെ നിലയിൽ ഒരു ഇടുങ്ങിയ മുറി വൃത്തിയാക്കി ബാബുവിന് താൽക്കാലികമായി അന്തിയുറങ്ങാൻ സൗകര്യം ചെയ്തുകൊടുത്തത്.
എന്നാലും അവിടെ എത്രനാൾ കഴിയും? ഒരു കൊച്ചു കൂരയെങ്കിലും സ്വന്തമായി വേണം. ഭാര്യ, മക്കൾ, കുടുംബം, റേഷൻ കാർഡ് ഒന്നുമില്ലാത്തതിനാൽ സർക്കാർ ഭവന നിർമാണ പദ്ധതിയിലൂടെ സ്ഥലവും വീടും അനുവദിക്കാൻ നിലവിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല.
ആരെങ്കിലും രണ്ട് സെൻറ് സ്ഥലം സൗജന്യമായി നൽകിയാൽ വീട് നിർമിക്കുന്ന പ്രവൃത്തിക്ക് മുൻകൈയെടുക്കാൻ ചില സന്നദ്ധ സംഘടന പ്രവർത്തകർ തയാറാണെന്ന് പറയുന്നു. അതുമല്ലെങ്കിൽ ആരെങ്കിലും മുൻകൈയെടുത്ത് ഫണ്ട് ശേഖരണം നടത്തണം.
ബാബുവിെൻറ െചളിപുരണ്ട ജീവിതത്തിന് തണൽ നൽകാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.