മേപ്പാടി-ചൂരൽമല റോഡ് അറ്റകുറ്റപ്പണിക്ക് നടപടി
text_fieldsമേപ്പാടി: മേപ്പാടി-ചൂരൽമല റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കും. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നവീകരണത്തിനുള്ള റീ ടെൻഡർ നടപടികൾ വൈകുമെന്നതിനാലാണ് റോഡ് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നത്. കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡാണ് അറ്റകുറ്റപ്പണി നടത്തുക. റോഡ് നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കി പണി തുടങ്ങും.
എൽ.ജെ.ഡി നിരാഹാര സമരം പിൻവലിച്ചു
മേപ്പാടി: ചൂരൽമല റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി നടത്തിയ നിരാഹാര സമരം പിൻവലിച്ചു. മേപ്പാടി പഞ്ചായത്ത് കമ്മിറ്റി തിങ്കളാഴ്ചയാണ് മേപ്പാടിയിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. സംസ്ഥാന സമിതി അംഗം പി.കെ. അനിൽകുമാറാണ് സമരത്തിനു തുടക്കം കുറിച്ചത്. ആരോഗ്യ നില മോശമായെന്ന ഡോക്ടറുടെ റിപ്പോർട്ടിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ 10.45 ന് പൊലീസ് അനിൽകുമാറിനെ അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് യുവജനതാദൾ ജില്ല പ്രസിഡൻറും മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗവുമായ അജ്മൽ സാജിദ് നിരാഹാരം ആരംഭിച്ചിരുന്നു.
രണ്ടു ദിവസങ്ങളിലായി ജില്ല ഭരണകൂടം എൽ.ജെ.ഡി നേതാക്കളുമായി ചർച്ച നടത്തി. നിലവിലുള്ള റോഡ് ഡിസംബർ 30ന് മുമ്പ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന ജില്ല കലക്ടറുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 35 ലക്ഷം രൂപ കിഫ്ബിയിൽ നിന്ന് അനുവദിപ്പിക്കുകയും ചെയ്യാമെന്ന് കലക്ടർ അറിയിച്ചു.
'എല്‍.ജെ.ഡി സമരം അപഹാസ്യം'
കൽപറ്റ: മേപ്പാടി-ചൂരല്‍മല റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍.ജെ.ഡി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ നിരാഹാര സമരം അപഹാസ്യമെന്ന് യു.ഡി.എഫ്. ഇക്കാലമത്രയും ഒരു ഇടപെടലും നടത്താത്ത ഭരണ കക്ഷി പാര്‍ട്ടിയും നേതാക്കളും റോഡ് നിര്‍മാണം നടക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് സമരവുമായി രംഗത്തെത്തിയതെന്ന് മേപ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018ല്‍ 41 കോടി രൂപ കിഫ്ബി ഫണ്ടില്‍ വകയിരുത്തി നിര്‍മാണം ആരംഭിച്ച മേപ്പാടി - ചൂരല്‍മല റോഡ് നിര്‍മാണം മൂന്നു വര്‍ഷമായിട്ടും 40 ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. റോഡിനാവശ്യമായ എസ്റ്റേറ്റ് ഭൂമി വിട്ടു കിട്ടുന്നതിനുള്ള ഒരു നീക്കവും സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഭൂമി വിട്ടുകിട്ടാത്തതിെൻറ പേരില്‍ കിഫ്ബി കഴിഞ്ഞ മേയില്‍ സ്റ്റോപ് മെമ്മോ നല്കി പണി നിര്‍ത്തിവെച്ചു. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഇടപെടലില്‍ ജില്ല കലക്ടര്‍, പി.ഡബ്ല്യു. ഡി ഉദ്യോഗസ്ഥര്‍, കോണ്ട്രാക്ടര്, എസ്റ്റേറ്റ് മാനേജ്മെൻറ് തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്തു. എസ്റ്റേറ്റ് മാനേജ്മെൻറ് ഭൂമി വിട്ടുനല്‍കാന്‍ കലക്ടര്‍ കത്ത് നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും മാനേജ്മെൻറ് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചതുമാണ്.
കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി, എം.എല്‍.എ, കലക്ടര്‍, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവര്‍ കൂടിയാലോചന നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി. ആവശ്യമായ ഫണ്ട് വകയിരുത്തി നിര്‍മാണം ആരംഭിക്കാനും പോകുകയാണ്. ഈ അവസരം മുതലെടുത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഈ സമരമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ചെയര്മാന് ടി. ഹംസ, കണ്‍വീനര്‍ ബി. സുരേഷ്ബാബു, ഒ. ഭാസ്കരന്, പി.കെ. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.