ചളിക്കുളമായി മേപ്പാടി -ചൂരൽമല റോഡ്
text_fieldsചളിക്കുളമായി മേപ്പാടി -ചൂരൽമല റോഡ്മേപ്പാടി: മഴ ശക്തമായതോടെ ചളിക്കുളമായി മേപ്പാടി - ചൂരൽമല റോഡ്. ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയായി. 2018ൽ നവീകരണ പ്രവൃത്തി ആരംഭിച്ച് അഞ്ചു വർഷം പിന്നിട്ടിട്ടും 13 കി.മീ. ദൈർഘ്യമുള്ള റോഡിന്റെ മൂന്നിലൊന്ന് പണി പോലും പൂർത്തീകരിക്കാനായിട്ടില്ല.
റോഡിലൂടെ വാഹനയാത്ര ഏറെ ദുഷ്കരമായി. വിനോദ സഞ്ചാര മേഖലയായതിനാൽ നിത്യേന സഞ്ചാരികളുടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
നാട്ടുകാർ അഞ്ചുവർഷത്തിലേറെയായി യാത്രാ ദുരിതമനുഭവിക്കുകയാണ്. അടിയന്തര സാഹചര്യത്തിൽ ഒരു രോഗിയെ തക്ക സമയം ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണവർ.
കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ജീവൻ പൊലിഞ്ഞവരുമുണ്ട്. ആദ്യഘട്ടത്തിൽ എസ്റ്റേറ്റ് തോട്ടങ്ങൾ ഭൂമി വിട്ടു കൊടുക്കാത്തതായിരുന്നു പ്രശ്നമായി പറഞ്ഞിരുന്നത്.
നിലവിലുള്ള ഒമ്പതു മീറ്റർ റോഡ് ടാർ ചെയ്താൽ മതിയെന്നായി പിന്നീട്. 32 കോടി രൂപ ഫണ്ട് അനുവദിച്ചതായും പറയുന്നു. എന്നാൽ, നിർത്തി വെച്ച പ്രവൃത്തി പുനരാരംഭിക്കാനായിട്ടില്ല.
മഴക്കാലം കഴിഞ്ഞാലും പ്രവൃത്തി തുടങ്ങുമോ എന്നും അറിയില്ല. പഴയ കരാർ റദ്ദ് ചെയ്തതാണ്. ഇനി പുതിയ കരാർ നൽകണം. അതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി ജനങ്ങൾക്ക് അറിവില്ല. പ്രവൃത്തി എന്ന് തുടങ്ങുമെന്നോ എന്ന് പൂർത്തീകരിക്കും എന്നോ ആർക്കും നിശ്ചയമില്ല. ജനങ്ങളുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല എന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.