വാഹനക്കുരുക്കിൽ മേപ്പാടി നഗരം
text_fieldsമേപ്പാടി: മേപ്പാടിയിലെ ഗതാഗത പരിഷ്കരണ പ്രഖ്യാപനത്തിന് ഒരാണ്ട്. ഗതാഗത ഉപദേശക സമിതി തീരുമാന പ്രകാരാണ് നഗരത്തിൽ പരിഷ്കാരം വരുത്തുമെന്ന് അധികൃതർ പറഞ്ഞത്. എന്നാൽ, പ്രഖ്യാപനമല്ലാതെ ഫലപ്രദമായ ഒരു നടപടിയുമുണ്ടായില്ല. ചില സ്വകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത കുറച്ച് പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ ചിലയിടങ്ങളിൽ സ്ഥാപിച്ചതൊഴിച്ചാൽ മറ്റ് തീരുമാനങ്ങളൊന്നും ഒരു വർഷമായിട്ടും നടപ്പായില്ല. നഗരത്തിൽ ഗതാഗത സംവിധാനം കുത്തഴിഞ്ഞ നിലയിൽ തുടരുകയാണ്.
ബസ്സ് സ്റ്റോപ്പുകൾ മാറ്റണമെന്ന് തീരുമാനിച്ചെങ്കിലും നടന്നില്ല. ബസുകൾ തോന്നുന്നിടത്തൊക്കെ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. ബസ്സ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് തീരുമാനമുണ്ടായെങ്കിലും കാര്യങ്ങൾ പഴയപടി തുടരുകയാണ്.
ടൗണിലൂടെ കടന്നുപോകുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം ഈ കാലയളവിൽ വർധിക്കുകയാണ് ചെയ്തത്. അവരുടെ തിരക്കും വാഹന കുരുക്കുണ്ടാക്കാറുണ്ട്. റോഡരികിൽ തോന്നുന്നിടത്തൊക്കെ നിർത്തി വാഹനങ്ങളിലുള്ള വഴിയോരക്കച്ചവടവും കുരുക്കുണ്ടാക്കുന്നു. ഓട്ടോ-ടാക്സി സ്റ്റാൻഡുകളൊന്നും എവിടേക്കും മാറ്റിയിട്ടില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലില്ലാത്തതിനാൽ പൊലീസും കണ്ണടക്കുകയാണ്. ടൗണിലെ വാഹന കുരുക്കിൽ വീർപ്പുമുട്ടി സാധാരണ ജനങ്ങളും വാഹന യാത്രക്കാരും വലയുമ്പോഴും കണ്ണടച്ച് ഇരുട്ടാക്കി ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.