ഈ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ..
text_fieldsമേപ്പാടി: സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും അതിനുമുമ്പുതന്നെ നിർത്തിവെച്ച കിടത്തി ചികിത്സ പുനരാരംഭിക്കാൻ നടപടിയില്ല. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചിട്ട് രണ്ടു വർഷമാകുകയാണ്.
കിടത്തി ചികിത്സ വിഭാഗത്തിലുണ്ടായിരുന്ന വനിത ഡോക്ടർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഐ.പി വിഭാഗം നിലച്ചത്. ഫാർമസിസ്റ്റ് ഒഴിവ് നികത്തിയതുമില്ല. ഡോക്ടറും ഫാർമസിസ്റ്റുമില്ലെന്നു മാത്രമല്ല ഐ.പി വിഭാഗം പ്രവർത്തിക്കുന്നതിന് ഫണ്ടും അനുവദിച്ചുകിട്ടിയിട്ടില്ല. കൽപറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം.
ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പിന് മേൽ സമ്മർദം ചെലുത്തേണ്ടതും ഫണ്ട് അനുവദിക്കേണ്ടതും ബ്ലോക്ക് പഞ്ചായത്താണ്.
ഇക്കാര്യത്തിൽ ഗുരുതര അലംഭാവം കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം ജില്ല സന്ദർശിച്ച ആരോഗ്യമന്ത്രിക്കുമുന്നിൽ ഈ ആവശ്യമുന്നയിക്കാൻപോലും ബ്ലോക്ക് പഞ്ചായത്തധികൃതർ തയാറായില്ലെന്ന ആരോപണമുണ്ട്. ആശുപത്രികളുടെ കാര്യത്തിൽ ദ്വൈവാർഷിക പ്രോജക്ടുണ്ടാക്കി ഫണ്ടനുവദിക്കാനും ഡി.പി.സി അംഗീകാരം നേടാനും കഴിയുമെങ്കിലും അതിനും അധികൃതർ തയാറാകുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉടൻ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നടപടി ഉണ്ടാകുന്നില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ജെ.ഡി നിയോജക മണ്ഡലം സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷംസുദ്ദീൻ അരപ്പറ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.