ശാപമോക്ഷം കാത്ത് മേപ്പാടി-കുന്ദമംഗലംവയൽ-കാപ്പംകൊല്ലി റോഡ്; കുണ്ടും കുഴിയുമായി ഒരു ദശകം...
text_fieldsമേപ്പാടി: രണ്ടു കി.മീറ്റർ മാത്രം ദൂരമേയുള്ളൂവെങ്കിലും പത്തു വർഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുകയാണ് മേപ്പാടി-കുന്നമംഗലം വയൽ-കാപ്പംകൊല്ലി റോഡ്. 2009-2010ൽ റോഡ് നവീകരണ പ്രവൃത്തിക്കായി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും അന്ന് പ്രവൃത്തി നടന്നില്ല. പിന്നീട് റോഡിന്റെ സ്ഥിതി ശോചനീയമായിരുന്നു. മഴക്കാലത്ത് കുഴികളിൽ ചളിവെള്ളം നിറഞ്ഞ് വാഹനയാത്ര ദുഷ്കരമായി.
ഒടുവിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 210 മീറ്റർ ടാറിങ്, രണ്ടു കലുങ്കുകളുടെ നിർമാണം എന്നിവക്ക് ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചത്. പ്രവൃത്തി ടെൻഡർ നടത്തുകയും കരാറുകാരൻ പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ, പണി ഇഴഞ്ഞുനീങ്ങി. ഒരു കലുങ്കിന്റെ പ്രവൃത്തിയിലെ അപാകത പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചതിൽ വിരോധംപൂണ്ട് കരാറുകാരൻ ഒരുമാസത്തിലേറെയായി പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിൽ കുറച്ചുഭാഗം ഒഴിവാക്കിയും മറുഭാഗത്ത് റോഡിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിലുമാണ് ഒരു കലുങ്ക് നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു നാട്ടുകാർ.
അടിയന്തര ഘട്ടങ്ങളിൽ ബൈപാസ് ആയി ഉപയോഗിക്കാവുന്നതായിട്ടും റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.