വാഹനത്തിരക്കിൽ വീർപ്പുമുട്ടി മേപ്പാടി ടൗൺ
text_fieldsമേപ്പാടി: വാഹനപ്പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിലും തിരക്കിലും വീർപ്പുമുട്ടി മേപ്പാടി. ഗതാഗത പരിഷ്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നുവെന്നാണ് ആരോപണം. ട്രാഫിക് ഉപദേശക സമിതി തീരുമാനങ്ങൾ ഒന്നും നടപ്പായില്ല.
ഗതാഗതം കുത്തഴിഞ്ഞ നിലയിലാണ്. സാധാരണ വാഹനങ്ങൾക്കു പുറമെ വിനോദ സഞ്ചാര വാഹനങ്ങളും വർധിച്ചതോടെ ടൗണിലെ തിരക്ക് നിയന്ത്രണാധീതമാണ്. തിരക്കിനിടയിൽ ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ പ്രയാസപ്പെടുന്നു. വനം വകുപ്പിന് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചെമ്പ്ര പീക്ക്, സൂചിപ്പാറ എന്നിവ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ സംരംഭങ്ങളായ കണ്ണാടിപ്പാലങ്ങൾ പോലുള്ളവ പ്രവർത്തിക്കുന്നുണ്ട്.
അതിനാൽ വിനോദ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങൾക്ക് കുറവ് വന്നിട്ടില്ല. ടൗണിലെ പാർക്കിങ് ക്രമീകരണം ഫലപ്രദമല്ല. ലോറികളിലും മറ്റ് കച്ചവട വാഹനങ്ങളിലും ചരക്കുകൾ കൊണ്ടു വന്നിറക്കുന്നതിന് സമയം നിശ്ചയിക്കാൻ ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായില്ല. ടൗണിൽ ബസുകൾക്കുള്ള സ്റ്റോപ്പു നിശ്ചയിച്ചെങ്കിലും അതും പാലിക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
പലയിടത്തും റോഡിന് നടുവിൽ നിർത്തുന്ന ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. തിരക്കുള്ള ദിവസങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുകയാണ്. ബൈപാസ് റോഡിനെക്കുറിച്ച് ബന്ധപ്പെട്ടവരാരും ഇപ്പോൾ സംസാരിക്കുന്നുമില്ല. ബൈപാസ് റോഡിനു വേണ്ടി നടത്തിയ സർവേ, അലൈൻമെന്റുണ്ടാക്കൽ എന്നതും പ്രഹസനമായെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.