അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിൽ മേപ്പാടി
text_fieldsമേപ്പാടി: നെടുമ്പാല ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അപ്രതീക്ഷിതമായി ഓട്ടോറിക്ഷകളിലേക്ക് കാർ ഇടിച്ചുകയറിയാണ് ദാരുണമായ അപകടമുണ്ടായത്. കാർ ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാർ നിയന്ത്രണം വിടാനുണ്ടായ സാഹചര്യം ഉൾപ്പെടെ വ്യക്തമായിട്ടില്ല.
ചെന്നൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. ഓട്ടോറിക്ഷകൾ രണ്ടും ഇടതുവശത്തുകൂടെ ഒരേ ദിശയിൽ പോവുകയായിരുന്നു. ഇതിനിടെയാണ് എതിർഭാഗത്തുനിന്നും വന്ന കാർ പെട്ടെന്ന് ഇടിച്ചുകയറുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.
മേപ്പാടി നെടുമ്പാല ജങ്ഷനിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. അപ്രതീക്ഷിതമായ അപകടത്തിൽ ഓട്ടോറിക്ഷകളിലുണ്ടായിരുന്ന വടുവഞ്ചാൽ സ്വദേശിനിയായ മറിയക്കുട്ടിയും അമ്പലവയൽ കാരച്ചാലിൽ താമസിക്കുന്ന ഇവരുടെ മകൾ മോളിയുമാണ് മരിച്ചത്.
മറിയക്കുട്ടിയുടെ ഈങ്ങാപ്പുഴയിലെ മൂത്ത മകളുടെ വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ഈങ്ങാപ്പുഴ സ്വദേശി ഖാലിദിനും അപകടത്തിൽപെട്ട മറ്റൊരു ഓട്ടോറിക്ഷയിലെ ഡ്രൈവറായ മേപ്പാടി സ്വദേശി ലതീഷ്, കാറോടിച്ച പുരുഷോത്തമൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
മേപ്പാടിയിൽനിന്ന് നെടുമ്പാല ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷകളിലേക്ക് റിപ്പൺ ഭാഗത്തുനിന്നും വരുകയായിരുന്ന കാർ പെട്ടെന്ന് ഇടിച്ചുകയറുകയായിരുന്നു. വലിയ വാഹന തിരക്കില്ലാത്ത റോഡിലാണ് അപകടമുണ്ടായത്. രണ്ടു ഓട്ടോറിക്ഷകളും സാധാരണ വേഗത്തിലായിരുന്നു പോയിരുന്നത്.
ഒരുതരത്തിലും അവിടെ അപകടമുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കാർ പെട്ടെന്ന് വലത്തോട്ട് തിരിക്കാനും ഇടിച്ചുകയറാനുമുണ്ടായ സാഹചര്യം എന്താണെന്ന് തുടർന്നുള്ള അന്വേഷണത്തിലേ വ്യക്തമാകൂ.
അപകടം നടന്ന ഉടനെ നാട്ടുകാരെത്തി പരിക്കേറ്റവരെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. വൈകീട്ട് നടന്ന അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അമ്മയും മകളും രാത്രിയോടെയാണ് മരിച്ചത്. മേപ്പാടിക്കൊപ്പം അപകടമരണത്തിന്റെ ഞെട്ടലിലാണ് വടുവഞ്ചാലിലെയും കാരച്ചാലിലെയും നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.