മേപ്പാടിയിൽ കുടിവെള്ളത്തിൽ കൂടിയ അളവിൽ കോളിഫോം ബാക്ടീരിയ
text_fieldsമേപ്പാടി: മേപ്പാടി ടൗണിലും പരിസരങ്ങളിലും ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ വലിയ അളവിൽ കോളിഫോം, ഇ കോളി ബാക്ടീരിയ അടങ്ങിയിരിക്കുന്നതായി പരിശോധന റിപ്പോർട്ട്. ഇക്കാരണത്താൽ ആരോഗ്യ വകുപ്പിന്റെ എൻ.ഒ.സി ലഭിക്കാതെ വരുകയും പുതുതായി ഹോട്ടലിന് പഞ്ചായത്ത് ലൈസൻസ് കിട്ടുന്നതിന് തടസ്സം നേരിടുന്നതായും ആക്ഷേപമുയർന്നു. ടൗണിലെ ഹോട്ടലുകളിലും വീടുകളിലും ഏറിയ പങ്കും ഉപയോഗിച്ചു വരുന്നത് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന വെള്ളമാണ്.
ചുളിക്കപ്പുഴയുടെ മുകൾ ഭാഗത്ത് എളമ്പിലേരിയിൽ തടയണ നിർമിച്ച് അവിടെ നിന്ന് പൈപ്പ് വഴി ടൗണിലെ ടാങ്കിലെത്തിക്കുന്ന വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇതിനിടയിലൊന്നും വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമില്ല.
പുഴവെള്ളം മലിനമായിട്ടുണ്ടെങ്കിൽ വിതരണം ചെയ്യുന്ന വെള്ളവും മാലിന്യങ്ങൾ കലർന്നതാകും. ഇതിനിടയിൽ അണുനശീകരണം (ക്ലോറിനൈസേഷൻ) പോലും നടക്കുന്നില്ലെന്നാണ് ആരോപണമുയരുന്നത്. അടുത്തിടെ കെ.ബി റോഡിൽ പുതുതായി ഒരു ഹോട്ടൽ ആരംഭിക്കുന്നതിനായി ഹോട്ടലിൽ ഉപയോഗിക്കേണ്ട പൊതുടാപ്പിലെ വെള്ളം ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം പരിശോധനക്കായി വാട്ടർ അതോറിറ്റിയുടെ കൽപറ്റയിലെ ഗുണ നിലവാര നിയന്ത്രണ ലാബിലേക്കയച്ചു.
പരിശോധന റിപ്പോർട്ടിലാണ് സാമ്പ്ളായി ശേഖരിച്ച 100 മി. ലിറ്റർ വെള്ളത്തിൽ എണ്ണം കണക്കാക്കാൻ കഴിയാത്തത്ര ഉയർന്ന അളവിൽ കോളിഫോം , ഇ കോളി ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമുള്ളത്. ഈ വെള്ളം ഉപയോഗിക്കുന്നവരിൽ ഛർദി, വയറിളക്കം തുടങ്ങിയ ജലജന്യ രോഗ സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പധികൃതർ എൻ.ഒ.സി നൽകാൻ വിസമ്മതിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ എൻ.ഒ.സി ഉണ്ടെങ്കിൽ മാത്രമെ പഞ്ചായത്ത് ലൈസൻസ് നൽകാൻ വ്യവസ്ഥയുള്ളൂ.
അണുവിമുക്തമാക്കിയ കുടിവെള്ളം വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം ഗ്രാമ പഞ്ചായത്തിന്റേതാണ്. എന്നാൽ ഹോട്ടൽ, വ്യാപാരികൾ വേണമെങ്കിൽ സ്വന്തം നിലക്ക് വെള്ളം ശുദ്ധീകരിക്കട്ടെ എന്ന നിലപാടാണ് പഞ്ചായത്തധികൃതർ സ്വീകരിക്കുന്നതെന്ന് കേരള വ്യാപാരി-വ്യവസായി സമിതി യൂനിറ്റ് ഭാരവാഹികൾ ആരോപിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.