വ്യാപാരിയുടെ ആത്മഹത്യ; പലിശക്ക് പണം കൊടുക്കുന്ന രണ്ടുപേർ അറസ്റ്റിൽ
text_fieldsമേപ്പാടി: അമിതപലിശക്ക് പണം കടംവാങ്ങി കടക്കെണിയിൽ കുടുങ്ങിയതിനെ തുടർന്നാണ് യുവവ്യാപാരി ഷിജു ജീവനൊടുക്കിയതെന്ന ആരോപണത്തെതുടർന്ന് നിയമവിരുദ്ധമായി പണം പലിശക്ക് നൽകുന്ന സ്വകാര്യ പണമിടപാടുകാർക്കെതിരെ നടപടിയുമായി മേപ്പാടി പൊലീസ്. ഇതിന്റെ ഭാഗമായി പണം പലിശക്ക് കൊടുക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. നെല്ലിമുണ്ട സ്വദേശി ഹുമയൂൺ കബീർ എന്ന ബാബു (53), ചെമ്പ്ര എരുമക്കൊല്ലി 22ലെ പ്രജു നിവാസിൽ ശിവൻ (46) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയുമായി മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരടക്കം നാലുപേരുടെ വീടുകളിൽ റെയ്ഡും നടത്തിയിരുന്നു.
അറസ്റ്റിലായവരിൽ നിന്ന് ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപത്രങ്ങൾ, വാഹനങ്ങളുടെ ആർ.സി, പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ശിവന്റെ വീട്ടിൽനിന്ന് 96,500 രൂപയാണ് കണ്ടെടുത്തത്.
കേരള പണ വായ്പ നിയമ പ്രകാരം ലൈസൻസ് ഇല്ലാതെ അമിതപലിശക്ക് പണം കടം കൊടുക്കുന്നവരെയാണ് പിടികൂടിയത്. ഇവരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ഇതേരീതിയിൽ കടം നൽകുന്ന ആറോളംപേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ.ബി. വിബിൻ, എസ്.ഐമാരായ സിറാജ്, അബ്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് മേപ്പാടിയിൽ ബ്ലേഡ് മാഫിയക്കെതിരായി പ്രത്യേക ഡ്രൈവിലൂടെ പത്തോളം സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളെ നിരീക്ഷിച്ച് പരിശോധന നടത്തിയത്. ബ്ലേഡ് മാഫിയക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
പരാതി നൽകി
കൽപറ്റ: യുവ വ്യാപാരിയുടെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും ബ്ലേഡ് മാഫിയക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേപ്പാടി മേഖല കമ്മിറ്റി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ജില്ല സെക്രട്ടറി കെ. റഫീഖ്, ബ്ലോക്ക് ട്രഷറർ എം.കെ. റിയാസ്, ഹാരിസ്, രതീഷ്, പ്രണവ്, ജസീൽ, സലാം എന്നിവരാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.