ചെമ്പ്ര എസ്റ്റേറ്റിൽ സ്വയം വിരമിക്കലിന് കൂടുതൽ തൊഴിലാളികൾ
text_fieldsമേപ്പാടി: ചെമ്പ്ര എസ്റ്റേറ്റിൽ ജോലിയിൽനിന്ന് സ്വയം വിരമിക്കാൻ തയാറായി കൂടുതൽ തൊഴിലാളികൾ. മുപ്പതോളം തൊഴിലാളികൾ സ്വയം വിരമിക്കാൻ സന്നദ്ധത അറിയിച്ച് അപേക്ഷ നൽകി മാനേജ്മെൻറിെൻറ ഭാഗത്തുനിന്നുള്ള തുടർ നടപടികൾക്ക് കാത്തിരിക്കുകയാണ്. 886 ഏക്കർ വിസ്തൃതിയുള്ള ചെമ്പ്ര എസ്റ്റേറ്റിൽ എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, ചെമ്പ്ര എന്നീ മൂന്ന് ഡിവിഷനുകളിലായി 183 തൊഴിലാളികൾ മാത്രമാണ് നിലവിലുള്ളത്.
സ്വയം വിരമിക്കലിന് അപേക്ഷ നൽകിയവരിൽ ഏറിയപങ്കും ചെമ്പ്ര ഡിവിഷനിൽ നിന്നുള്ള തൊഴിലാളികളാണ്. സർവിസിൽനിന്ന് പിരിയുന്നവർക്ക് പകരം നിലവിൽ ആളെ നിയമിക്കുന്നില്ല. ഏഴുമാസത്തെ ലോക്കൗട്ടിനുശേഷം കുറച്ചുപേർ സ്വയം വിരമിച്ചിരുന്നു. ഒരുമാസം 15 ദിവസത്തെ ശമ്പളം കണക്കാക്കി 10 വർഷത്തെ ശമ്പളം പിരിഞ്ഞുപോകുന്നവർക്ക് അധികമായി നൽകുമെന്നാണ് കമ്പനി വാഗ്ദാനം.
ഇപ്പോൾ അപേക്ഷിച്ചിരിക്കുന്നവർ കൂടി പിരിഞ്ഞുപോയാൽ തൊഴിലാളികളുടെ എണ്ണം 150 ആയി ചുരുങ്ങും. എസ്റ്റേറ്റിൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്ത അവസ്ഥയിലും സ്വയം വിരമിക്കലിനെ മാനേജ്മെൻറ് പ്രോത്സാഹിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇപ്പോൾ ജോലിയിലുള്ള തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളം, 2018-19, 2019-20 വർഷങ്ങളിലെ ബോണസ്, ശമ്പളത്തോടുകൂടിയ അവധി എന്നിവ കുടിശ്ശികയാണെന്ന് തൊഴിലാളികൾ പറയുന്നു.
അത് നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പക്ഷേ, സ്വയം വിരമിക്കാൻ തയാറായി വരുന്നവർക്ക് ആനുകൂല്യം നൽകാൻ മാനേജ്മെൻറിന് മടിയില്ല. തോട്ടം നന്നായി നടത്തിക്കൊണ്ടുപോകുന്നതിനേക്കാൾ മാനേജ്മെൻറിന് താൽപര്യം ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിലാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. എസ്റ്റേറ്റ് ആശുപത്രി ഇതിനകം റിസോർട്ടാക്കി മാറ്റി. ബംഗ്ലാവുകൾ, പാടി ലൈനുകൾ എന്നിവയൊക്കെ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള സ്ഥാപനങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.