എന്തൊരു കഷ്ടം, ആ ബസുകൾ വെറുതെ കിടക്കുന്നു
text_fieldsമേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുനിന്നുള്ള കുട്ടികൾക്ക് സ്കൂളിലെത്താനായി മണിപ്പാൽ ഫൗണ്ടേഷൻ സംഭാവനയായി നൽകിയ രണ്ട് പുതിയ ബസുകൾ ഓടിക്കാൻ ഇനിയും നടപടിയായില്ല. ഒന്നര മാസത്തോളമായി ഗവ. ഹൈസ്കൂൾ വളപ്പിൽ മഞ്ഞും മഴയും വെയിലുമേറ്റ് ബസുകൾ വെറുതെ കിടക്കുകയാണ്. സ്കൂൾ അധികൃതരുടെ വീഴ്ചയിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ബസുകൾ സംഭാവന ചെയ്ത സുമനസ്സുകളെ അവഹേളിക്കുന്ന പ്രവൃത്തിയാണ് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്.
കഴിഞ്ഞ ഒക്ടോബർ 10നാണ് മണിപ്പാൽ ഫൗണ്ടേഷൻ സി.എം.ഡി. ഹരിനാരായണ ശർമ നേരിട്ടെത്തി ബസുകളുടെ താക്കോൽ സ്കൂൾ അധികൃതർക്ക് കൈമാറിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡി.ആർ. മേഘശ്രീ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ്, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എന്നാൽ, നാളിതുവരെ ബസ് ഓടിക്കുന്നതിനുള്ള നടപടി സ്കൂൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ബസുകൾ ഓടിക്കുന്നതിന് വേണ്ടിവരുന്ന ചെലവുകൂടി സ്പോൺസർമാർ നൽകണമെന്ന മനോഭാവമാണ് സ്കൂൾ അധികൃതർക്ക് എന്ന ആക്ഷേപമാണ് ഉയരുന്നത്.
ഡ്രൈവർ, ആയ എന്നിവരെ നിയമിക്കണം, ഇന്ധനച്ചെലവ്, മറ്റ് അത്യാവശ്യ ചെലവുകൾ എന്നിങ്ങനെ മാസം അമ്പതിനായിരത്തിനും അറുപതിനായിരത്തിനുമിടയിൽ ചെലവ് വരുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഈ തുക കണ്ടെത്താനുള്ള ഒരു ശ്രമവും സ്കൂൾ അധികൃതർ നടത്തിയിട്ടില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. ഇന്റർവ്യൂ നടത്തി ഡ്രൈവർ, ആയ എന്നിവരെ നിയമിക്കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായിരുന്നുവെന്നും സ്കൂൾ അധികൃതർ പറയുന്നു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെന്ന തീരുമാനം നിലനിൽക്കെയാണ് സ്കൂൾ അധികൃതരുടെ വിചിത്ര വാദം. ഒന്നര ലക്ഷത്തോളം രൂപ സ്പോൺസർമാർ മുഖേന സ്കൂൾ പി.ടി.എക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറയുന്നു. രണ്ട് മാസത്തിലേറെക്കാലത്തെ ചെലവുകൾക്ക് ഈ തുക മതിയാകും. തുടർന്നുള്ള ചെലവുകൾക്ക് തുക കണ്ടെത്തേണ്ടത് സ്കൂൾ അധികൃതരാണ്. അതിനുള്ള പരിശ്രമം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് വിമർശനങ്ങൾക്കിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.