ഏഴ് വർഷമായി ക്ഷാമബത്ത വർധനയില്ല; തോട്ടംതൊഴിലാളികൾക്ക് തീരാദുരിതം
text_fieldsമേപ്പാടി: ജീവിത ചെലവ് വാനോളമുയർന്നിട്ടും തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിൽ വർധനയില്ല. കഴിഞ്ഞ 30 വർഷത്തിനിടെ മൂന്നുഘട്ടങ്ങളിലായി 2.10 രൂപയുടെ വർധന മാത്രമാണുണ്ടായത്.
കഴിഞ്ഞ 7 വർഷത്തിനിടെ ക്ഷാമബത്തയിൽ ഒരു പൈസയുടെ വർധന പോലുമുണ്ടായിട്ടില്ല. ഇക്കാലയളവിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 150 മുതൽ 250ശതമാനംവരെ വർധനയുണ്ടായതായി കണക്കാക്കപ്പെടുന്നു.
മേപ്പാടിയിലെയും കൊച്ചിയിലെയും വില നിലവാരം കണക്കിലെടുത്താണ് സംസ്ഥാനത്തെ തൊഴിലാളികളുടെ ശരാശരി ജീവിത നിലവാര സൂചിക കണക്കാക്കുന്നത്. എന്നാൽ, തൊഴിലാളി മേഖലയായ മേപ്പാടിയെ ഇപ്പോൾ പരിഗണിക്കുന്നേയില്ല. മറ്റെല്ലാം മേഖലയിലും കൂലി വർധിച്ചപ്പോൾ തോട്ടം തൊഴിലാളികളുടെ ദിവസവേതനം 474.71 രൂപ മാത്രമാണ്.
വർധിച്ച ജീവിതച്ചെലവിനനുസരിച്ച് വരുമാനത്തിൽ വർധനയില്ല. ഇക്കാരണത്താൽ തദ്ദേശീയരായ തോട്ടം തൊഴിലാളികൾ ജോലിയിൽനിന്ന് ഒഴിഞ്ഞുപോകുകയാണ്. പുതിയ ആളുകൾ തോട്ടം ജോലിയിലേക്ക് വരാൻ തയാറാകുന്നുമില്ല. ഉടമകൾ അതിഥി തൊഴിലാളികളെ വെക്കുകയാണ്.
150 മുതൽ 250 ശതമാനം വരെ അവശ്യ സാധനങ്ങൾക്ക് വില വർധനയുണ്ടായപ്പോൾ കഴിഞ്ഞ 30 വർഷത്തിനിടെ തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിൽ പ്രതിദിനം കുറഞ്ഞത് 120 രൂപയുടെ എങ്കിലും വർധന ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, തോട്ടം തൊഴിലാളികളുടെ ക്ഷാമബത്ത വിഷയം അധികൃതർ പരിഗണിക്കുന്നേയില്ല.
ഇതിനാൽ അസംഘടിത മേഖലയിലടക്കം മറ്റെല്ലായിടത്തും തൊഴിലാളികളുടെ കൂലിയിൽ രണ്ടും മൂന്നും ഇരട്ടി വർധനയുണ്ടായപ്പോൾ തോട്ടം തൊഴിലാളികളുടെ വരുമാനത്തിൽ മാത്രം കാലാനുസൃതമായ വർധനയില്ല. ഇതുമൂലം തീരാദുരിതത്തിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.