ഡൽഹിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു; ഓർക്കാൻ ഒരുപിടി ഓർമകളുമായി സുബ്രഹ്മണ്യൻ തിരിച്ചെത്തി
text_fieldsമേപ്പാടി: പ്രധാനമന്ത്രിയിൽനിന്ന് നേരിട്ടുള്ള ക്ഷണപ്രകാരം ഡൽഹിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ സംബന്ധിച്ച് മടങ്ങി എത്തിയതിന്റെ ആഹ്ലാദത്തിലാണ് മേപ്പാടി മലയച്ചംകൊല്ലിയിലെ മൺപാത്ര തൊഴിലാളി സുബ്രഹ്മണ്യൻ.
പ്രധാനമന്ത്രിയുടെ വിശ്വകർമ യോജന പദ്ധതിയിൽ ആറു മാസം മുമ്പ് ഉൾപ്പെടുത്തിയതിനെ തുടർന്നാണ് സ്വാതന്ത്ര്യ ദിന പരേഡിൽ സംബന്ധിക്കാനുള്ള ക്ഷണം സുബ്രഹ്മണ്യന് ലഭിച്ചത്. കേരളത്തിൽനിന്ന് സുബ്രഹ്മണ്യനടക്കം നാലു പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടിൽനിന്നുള്ള ഏക പ്രതിനിധിയും.
ഡൽഹി യാത്രക്കുള്ള ചെലവുകൾ എല്ലാം വഹിച്ചത് കേന്ദ്ര സർക്കാരാണ്. മലയച്ചം കൊല്ലിയിൽ നിരവധി മൺപാത്ര തൊഴിലാളി കുടുംബങ്ങളുണ്ടെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമേ ഈ തൊഴിൽ ചെയ്യുന്നുള്ളു. നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയാത്തതുകൊണ്ടാണ് പലരും മേഖല വിട്ടത്. മൺപാത്ര നിർമാണം അടക്കമുള്ള കൈത്തൊഴിലുകൾ ചെയ്യുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി ആവിഷ്കരിക്കുന്ന കേന്ദ്ര പദ്ധതിയാണ് വിശ്വകർമ യോജന. തൊഴിൽ നിലനിർത്താൻ സഹായകരമായ നിലപാടുകൾ സർക്കാർ ഭാഗത്തു നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുബ്രഹ്മണ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.