നാട്ടുകാർക്ക് പണിയായി പൈപ്പിടൽ പണി
text_fieldsമേപ്പാടി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാത്തത് നാട്ടുകാർക്കും വാഹന യാത്രക്കാർക്കും വിനയായി. മേപ്പാടി -മുട്ടിൽ റോഡിൽ മൂപ്പനാടിനും നെടുമ്പാലക്കുമിടയിൽ വെള്ളക്കവായി, മുക്കിൽപ്പീടിക തുടങ്ങി വിവിധ സ്ഥലങ്ങളിൽ മണ്ണൊലിച്ചു പോയി റോഡിന്റെ വശങ്ങളിൽ രൂപപ്പെട്ട ഗർത്തങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.
ഇരുവശത്തുനിന്നും വരുന്ന വാഹന യാത്രക്കാർക്ക് അപകട സാധ്യത മുന്നറിയിപ്പ് നൽകാൻ മരക്കൊമ്പുകൾ സ്ഥാപിക്കുകയും ഗർത്തങ്ങൾ മണ്ണിട്ട് നികത്തുകയുമാണ് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും.
ടാറിങ് തീരുന്ന സ്ഥലത്ത് ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ഭാരമുള്ള വാഹനങ്ങൾ അരികുചേർന്ന് കടന്നുപോകുമ്പോൾ ടാറിങ് ഇടിയുന്നതിന് കാരണമാകും. മഴക്ക് മുമ്പാണ് റോഡിനരികിലൂടെ ചാൽ എടുത്ത് പൈപ്പുകൾ സ്ഥാപിച്ചത്. പിന്നീട് ഇളകിയ മണ്ണുതന്നെ ചാലിലേക്ക് കോരിയിട്ട് കരാറുകാർ പണി നിർത്തി പോവുകയായിരുന്നു.
മണ്ണ് ഉറപ്പിക്കാതിരുന്നതിനാൽ മഴ പെയ്തപ്പോൾ ഇളകിയ മണ്ണ് ഒലിച്ചു പോയത് കാരണമാണ് വലിയ കുഴികൾ രൂപപ്പെട്ടത്. മണ്ണ് ഒലിച്ചിറങ്ങി റോഡിൽ പല ഭാഗത്തും ചെളി നിറഞ്ഞതും വെള്ളക്കെട്ടും അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ വളവിൽ മുക്കാൽ ഭാഗത്തോളം ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അതൊഴിവാക്കി തെറ്റായ ദിശയിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതും അപകടങ്ങൾക്കിടയാകുന്നു. അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.