അപകടക്കെണിയായി റോഡിലെ കുഴി
text_fieldsമേപ്പാടി: പഞ്ചായത്ത് ഓഫിസിന്റെ പ്രവേശന കവാടത്തിൽ വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി വലിയ കിടങ്ങ് രൂപപ്പെട്ടിട്ട് രണ്ടു വർഷത്തിലേറെയായി. പ്രധാനപാത നവീകരണം നടത്തിയപ്പോൾ ബാക്കി നിർത്തിയ ഓവുചാലിന്റെ പ്രവൃത്തി പൂർത്തീകരിക്കാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം. ചുണ്ടേൽ - ചോലാടി അന്തർസംസ്ഥാന പാതയിൽ നിന്ന് പഞ്ചായത്ത് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളാണ് രണ്ടുവർഷത്തിലേറെയായി ഇതുവഴി കടന്നു പോകാൻ വിഷമിക്കുന്നത്.
പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിനും പ്രധാന പാതക്കുമിടയിലാണ് വലിയ കിടങ്ങ് രൂപപ്പെട്ടിട്ടുള്ളത്. നൂറുകണക്കിന് വിദ്യാർഥികൾ ഇവിടെ ബസ് കാത്തു നിൽക്കാറുണ്ട്. മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുവീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്.
രണ്ട് വർഷത്തിലേറെയായിട്ടും പ്രശ്നം പരിഹരിക്കുന്നതിന് പൊതുമരാമത്ത് അധികൃതർക്ക് മേൽ സമ്മർദം ചെലുത്താൻ ഗ്രാമപഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തധികൃതരോ തയാറായിട്ടില്ല എന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.