പുനരധിവാസ പട്ടികയിലില്ല; പൂത്തകൊല്ലിയിൽ കുടുംബങ്ങളുടെ കുടിൽകെട്ടി സമരം
text_fieldsമേപ്പാടി: പുത്തുമല പുനരധിവാസ പട്ടികയിൽനിന്ന് പുറത്തായ 13 കുടുംബങ്ങൾ പൂത്തകൊല്ലിയിലെ പുനരധിവാസ ഭൂമിയിൽ കുട്ടിൽകെട്ടി സമരം തുടങ്ങി. വ്യാഴാഴ്ച 13 കുടുംബങ്ങൾ ഒരു ഷെഡിൽ തുടങ്ങിയ സമരം, വെള്ളിയാഴ്ച 13 കുടിലുകളിലേക്ക് മാറ്റി. മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരത്തിലേർപ്പെട്ട കുടുംബങ്ങളുമായി വിഷയം ചർച്ച ചെയ്യാൻ അധികൃതരാരും മുന്നോട്ടു വന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
പുത്തുമല ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി പൂത്തകൊല്ലി എസ്റ്റേറ്റിലെ ഏഴ് ഏക്കറിൽ വിടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ് അർഹതയുണ്ടായിട്ടും പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് പറഞ്ഞ് കുടുംബങ്ങൾ ഈ ഭൂമിയിൽ കുടിൽ കെട്ടി സമരം തുടങ്ങിയത്. വീടും സ്ഥലവും നഷ്ടപ്പെട്ട 117 കുടുംബങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ തങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നതായി സമരത്തിലേർപ്പെട്ട കുടുംബങ്ങൾ പറയുന്നു. ഒരു വർഷം പിന്നിട്ടു കഴിഞ്ഞപ്പോൾ തങ്ങളെ പട്ടികയിൽനിന്ന് അധികൃതർ തന്ത്രപൂർവം ഒഴിവാക്കിയെന്നും കുടുംബങ്ങൾ ആരോപിക്കുന്നു.
പൂത്തകൊല്ലിക്ക് പുറത്ത് ചില സന്നദ്ധ സംഘടനകൾ കുറച്ച് കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകിയിട്ടുണ്ട്. 52 കുടുംബങ്ങൾക്കാണ് പൂത്തകൊല്ലിയിൽ വീട് നിർമിക്കുന്നത്. പട്ടികയിൽനിന്ന് പുറത്തായവർക്ക് എവിടെയും വീടില്ല. ഭൂരിഭാഗവും ഇപ്പോൾ വാടകക്ക് താമസിക്കുകയാണ്. ജില്ല കലക്ടറുടെ നിയന്ത്രണത്തിലാണ് പൂത്തകൊല്ലി പുനരധിവാസ പദ്ധതി. തങ്ങളുടെ പ്രശ്നം ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് പരിഹരിക്കാമെന്ന് പറഞ്ഞ ജില്ല കലക്ടർ ഇപ്പോൾ അതിന് താൽപര്യമെടുക്കുന്നില്ലെന്നും കുടുംബങ്ങൾ പറയുന്നു. നിലവിൽ പട്ടികയിലുള്ള കുടുംബങ്ങൾക്ക് വീടു നിർമിച്ചാലും രണ്ട് ഏക്കറിലധികം ഭൂമി ബാക്കിയുണ്ടാകും. അഞ്ചു സെൻറ് വീതം നൽകിയാൽത്തന്നെ 13 കുടുംബങ്ങൾക്ക് 65 സെൻറ് മതി. എന്നിട്ടും അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭൂമി നൽകാൻ അധികൃതർ തയാറാകുന്നില്ലെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.