പുത്തുമല പഴയ സ്കൂൾ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളം
text_fieldsമേപ്പാടി: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പുത്തുമലയിലെ പഴയ ഗവ.എൽ.പി സ്കൂൾ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. കെട്ടിടങ്ങൾ സംരക്ഷിക്കാതെ വാതിലുകളും ജനാലകളുമെല്ലാം തകർന്ന നിലയിലായതോടെയാണ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയത്. രാത്രി കുന്നിൻമുകളിലെ ഇരുട്ടിൽ ഭാർഗവി നിലയം പോലെ കിടക്കുന്ന കെട്ടിടത്തിൽ മദ്യം, കഞ്ചാവ്, ലഹരി മരുന്നുകൾ എന്നിവയുടെ ഉപയോഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നതായാണ് പറയുന്നത്.
2019ലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായശേഷം ഇവിടെ സ്കൂൾ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുത്തിരുന്നു. അതോടെ സ്കൂൾ പ്രവർത്തനം അവിടെ നിന്ന് മാറ്റുകയായിരുന്നു. ആദ്യ മാസങ്ങളിൽ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിലും തുടർന്ന് ഏലവയൽ അംഗൻവാടിയിലുമായി സ്കൂൾ പ്രവർത്തിച്ചു. പിന്നീട് കാശ്മീർക്കുന്നിൽ എച്ച്.എം.എൽ കമ്പനി വിട്ടുകൊടുത്ത സ്ഥലത്താണിപ്പോൾ താൽകാലിക കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തിക്കുന്നത്. പഴയ സ്കൂൾ കെട്ടിടങ്ങൾ അനാഥാവസ്ഥയിൽ അവശേഷിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷമാകുന്നു.
കെട്ടിടങ്ങൾ ഉപയോഗമില്ലാതെയും സംരക്ഷിക്കപ്പെടാതെയും കിടക്കുകയാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർക്ക് നല്ല താവളമാണിത്.
ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന മേഖലയാണിവിടം. ഹോം സ്റ്റേ ആയോ ചരിത്ര മ്യൂസിയം എന്ന നിലയിലോ സ്കൂൾ കെട്ടിടങ്ങളെ പരിവർത്തനപ്പെടുത്താൻ സാധിക്കും. തൊട്ടപ്പുറത്തെ കുന്നിൻ മുകളിൽ അനാഥാവസ്ഥയിൽ കിടന്ന പഴയ എസ്റ്റേറ്റ് ബംഗ്ലാവ് നവീകരിച്ച് ഇപ്പോൾ റിസോർട്ടാക്കി മാറ്റിയതുപോലെ സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ച് ടൂറിസവുമായി ബന്ധപ്പെടുത്തി ഉപയോഗപ്പെടുത്തുകയാണെങ്കിൽ പഞ്ചായത്തിന് വരുമാനവും ലഭിക്കും. എന്നാൽ വിനോ സഞ്ചാര മേഖലയിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള പദ്ധതികളൊന്നും ഗ്രാമപഞ്ചായത്തിന്റെ ആലോചനയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.