പുത്തുമല ദുരന്തം: മലബാർ ഗ്രൂപ് പണിത വീടുകൾ കൈമാറി
text_fieldsമേപ്പാടി: വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവരെങ്കിലും വയനാടിന്‍റെ വികസനത്തിനായി ഒരുമിച്ച് നീങ്ങണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പുത്തുമല ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഹർഷം പദ്ധതിയിൽ സർക്കാറുമായി ചേർന്ന് മലബാർ ഗ്രൂപ് പണിത 12 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പുനരധിവസിപ്പിക്കപ്പെടുന്ന 50 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ മലബാർ ഗ്രൂപ് സ്ഥാപിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശും ഉപഹാരങ്ങൾ വിതരണം ചെയ്തു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, മേപ്പാടി പഞ്ചായത്ത് അംഗം ബി. നാസർ, ജില്ല ഫിനാൻഷ്യൽ ഓഫിസർ എ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് സ്വാഗതവും മലബാർ ഗ്രൂപ് കോർപറേറ്റ് ഹെഡ് ആർ. ജലീൽ നന്ദിയും പറഞ്ഞു. ഹർഷം പദ്ധതിയിൽ 15 വീടുകളാണ് മലബാർ വാഗ്ദാനം നൽകിയതെന്നും ബാക്കി മൂന്നുവീടുകൾ താമസിയാതെ കൈമാറുമെന്നും മലബാർ ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.