ആദിവാസി കോളനിയിലേക്കുള്ള വഴി റിസോർട്ടുകാർ അടച്ചു; വനംവകുപ്പ് തുറന്നു
text_fieldsമേപ്പാടി: വാളത്തൂർ ബാലൻകുണ്ട് ആദിവാസി കോളനിയിലെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന വഴി സ്വകാര്യ റിസോർട്ട് ഉടമകൾ അടച്ച് മുള്ളുവേലി സ്ഥാപിച്ചത് പരാതികളെത്തുടർന്ന് വനംവകുപ്പ് പ്രത്യേക സ്ക്വാഡ് വീണ്ടും തുറന്നുകൊടുത്തു. കോളനിയിലേക്കുള്ള വഴി അടച്ചശേഷം തൊട്ടപ്പുറത്തെ വനത്തിലൂടെ അടിക്കാട് വെട്ടിത്തെളിച്ച് താൽക്കാലിക നടവഴി റിസോർട്ടുകാർ തന്നെ വെട്ടിക്കൊടുത്തിരുന്നു. എന്നാൽ, സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്ക് നടന്നുപോകാൻ കഴിയാത്ത രീതിയിലായിരുന്നു വഴി. കുണ്ടും കുഴികളും താണ്ടി സാഹസികയാത്ര നടത്തിവേണം അവർക്ക് കോളനിയിലെത്താൻ.
കോളനിവാസികൾ വർഷങ്ങളായി ഉപയോഗിച്ചുവന്ന വഴി കമ്പിവേലി കെട്ടി അടച്ചതിനെ തുടർന്ന് ദുർഘടപാത താണ്ടി യാത്രചെയ്യേണ്ടിവന്ന ആദിവാസികളുടെ ദുരിതത്തെക്കുറിച്ച് ' മാധ്യമം' വാർത്ത നൽകിയിരുന്നു. പിന്നീട് റിസോർട്ടുകാർ കമുകിൻ തടികൾകൊണ്ട് പടവുകൾ നിർമിച്ച് വഴി വീണ്ടും നന്നാക്കി കൊടുത്തിരുന്നു. വഴി അടച്ചതുസംബന്ധിച്ച് പ്രദേശത്തുള്ള ചിലർ പട്ടികവർഗ വകുപ്പധികൃതർക്കും വനംവകുപ്പിനും പരാതികൾ നൽകിയിരുന്നു. സ്വകാര്യവ്യക്തികൾക്ക് വനത്തിനുള്ളിലൂടെ വഴി നിർമിക്കാൻ ആര് അനുമതിനൽകിയെന്ന ചോദ്യവുമുയർന്നു.വനാവകാശ നിയമമനുസരിച്ചാണ് ഇവിടത്തെ കുടുംബങ്ങൾക്ക് വനത്തിനുള്ളിൽ ഭൂമി അനുവദിച്ചിട്ടുള്ളത്. അവർക്ക് നൽകിയ കൈവശ രേഖയിൽ അവിടേക്കുള്ള വഴിയും രേഖപ്പെടുത്തിയിട്ടുണ്ടാകണം. ആ വഴി എവിടെ എന്നചോദ്യം അവശേഷിക്കുകയാണ്. അത് റിസോർട്ടുകാർ വനത്തിലൂടെ പുതുതായി നിർമിച്ച വഴി ആകാനിടയില്ലെന്നതും വ്യക്തമാണ്. വഴി അടക്കാൻ മുമ്പും റിസോർട്ടുകാർ ശ്രമംനടത്തിയിരുന്നു. അന്ന് ട്രൈബൽ ഓഫിസർ നേരിട്ടെത്തി വഴി തുറന്നുകൊടുക്കുകയായിരുന്നു.
മേപ്പാടി വനം റേഞ്ചിന് കീഴിൽ ബഡേരി സെക്ഷൻ പരിധിയിലാണ് ബാലൻകുണ്ട് ചോലനായ്ക്ക കോളനി. ഒന്നിലധികം കുടുംബങ്ങളിൽപെട്ട 12 പേരാണ് ബാലൻകുണ്ടിൽ കഴിയുന്നത്. പ്രാക്തന ഗോത്രവിഭാഗത്തിൽപെടുന്ന ഇവർക്ക് റോഡ്, വൈദ്യുതി, അടച്ചുറപ്പുള്ള വീട് തുടങ്ങിയ സൗകര്യങ്ങളൊന്നും ലഭ്യമായിട്ടില്ല.തലമുറകളായി ഉപയോഗിച്ചിരുന്ന വഴി അടച്ചതിന് പുറമെ വനത്തിൽ ഇറങ്ങി റിസോർട്ടുകാർ വഴി നിർമിച്ചിട്ടും വനം അധികൃതർ അനങ്ങിയില്ല. രണ്ടാംവട്ട വഴിനിർമാണവും അവർ നടത്തുന്നത് വനം അധികൃതർ കണ്ടുനിന്നതേയുള്ളൂ.
ആദിവാസി സംഘടന, പശ്ചിമഘട്ട സംരക്ഷണസമിതി എന്നിവയുടെ ഭാരവാഹികൾ സ്ഥലം സന്ദർശിക്കുകയും ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും അധികൃതർ ആദ്യം അനങ്ങിയില്ല. പഞ്ചായത്ത് അധികൃതരും ആദിവാസികളെ സഹായിക്കാൻ തയാറായില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ആദിവാസി കുടുംബങ്ങൾക്കായി രംഗത്തുവന്ന നാട്ടുകാരിൽ ചിലരെ കള്ളക്കേസിൽ കുടുക്കാനും റിസോർട്ടുടമ ശ്രമിച്ചതായി പരാതിയുണ്ട്. ആദിവാസികളിൽ ചിലരെ സ്വാധീനിച്ച് പൊലീസിൽ പരാതി കൊടുപ്പിക്കാനും റിസോർട്ടുകാർ തയാറായി. എന്നാൽ, തങ്ങളുടെ വഴി റിസോർട്ട് ഉടമ അടച്ചുവെന്ന് അവർതന്നെ വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ തെളിവായി ഉള്ളതിനാൽ ആ നീക്കം പാളുകയായിരുന്നു. കൂടുതൽ പരാതികൾ വിവിധ സർക്കാർ വകുപ്പുകളിൽ എത്തുമെന്ന് മനസ്സിലായതോടെ ഒടുവിൽ വഴി വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.